Your Image Description Your Image Description

സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജറിയാട്രിക്സ് വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതിനായി പ്രൊഫസർ, അസോ. പ്രൊഫസർ, അസി. പ്രൊഫസർ എന്നിവരുടെ ഓരോ തസ്തിക വീതവും രണ്ട് സീനിയർ റെസിഡന്റ് തസ്തികകളും സൃഷ്ടിച്ചു.

ഏറ്റവും ഉയർന്ന ആയുർദൈർഘ്യമുള്ള സംസ്ഥാനമാണ് കേരളം. മികച്ച ജീവിതനിലവാരവും ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങളും സാമൂഹ്യ സുരക്ഷയുമെല്ലാം ആയുർദൈർഘ്യം കൂടുന്നതിന് കാരണമാണ്.

വയോജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് പ്രത്യേക പരിചരണവും ചികിത്സയും ആവശ്യമാണ്. ആർദ്രം മിഷന്റെ ഭാഗമായി വയോജന സംരക്ഷണത്തിനും പാലിയേറ്റീവ് കെയറിനും സംസ്ഥാനം വലിയ പ്രാധാന്യമാണ് നൽകുന്നത്. ഇതിന്റെ ഭാഗമായി ആശുപത്രികളിൽ ജറിയാട്രിക്സ് ക്ലിനിക്കുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിനോടൊപ്പമാണ് ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജറിയാട്രിക്സ് വിഭാഗം ആരംഭിക്കുന്നത്.

ഭാവിയിൽ എം.ഡി. ജറിയാട്രിക്സ് കോഴ്സ് ആരംഭിക്കുന്നതിനും ഈ മേഖലയിൽ കൂടുതൽ വിദഗ്ധരെ സൃഷ്ടിക്കുന്നതിനും കൂടുതൽ ആശുപത്രികളിൽ ജറിയാട്രിക്സ് വിഭാഗം ആരംഭിക്കുന്നതിനും ഇത് സഹായിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

നിലവിൽ മെഡിക്കൽ കോളേജിൽ ജറിയാട്രിക്സ് രോഗികളെ മെഡിസിൻ വിഭാഗമാണ് ചികിത്സിക്കുന്നത്.    മെഡിക്കൽ കോളേജ് മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലാണ് ജറിയാട്രിക്സ് ചികിത്സ ലഭ്യമാകുന്നത്. നിലവിൽ തീവ്രപരിചരണം സാധ്യമായ രണ്ട് വാർഡുകൾ, ഒപി വിഭാഗം, ഫിസിയോതെറാപ്പി, ക്ലാസ് റൂം എന്നിവയുണ്ട്. മന്ത്രിയുടെ നേതൃത്വത്തിൽ യോഗങ്ങൾ ചേർന്നാണ് ജറിയാട്രിക്സ് വിഭാഗത്തിന് അന്തിമ രൂപം നൽകിയത്. ജറിയാട്രിക്സ് വിഭാഗം യാഥാർത്ഥ്യമാകുന്നതോടെ വയോജന ആരോഗ്യ സംരക്ഷണ രംഗത്ത് വലിയ മാറ്റമാണ് ഉണ്ടാകാൻ പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *