Home » Blog » Kerala » ‘സർവ്വം മായ’യിൽ നിവിനൊപ്പം എത്തിയത് 7 സംവിധായകർ
paleri

അഖിൽ സത്യൻ സംവിധാനം ചെയ്ത നിവിൻ പോളി ചിത്രം ‘സർവ്വം മായ’ ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിക്കുമ്പോൾ , ചിത്രത്തിലെ മറ്റൊരു കൗതുകം കൂടി പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നു. സിനിമയുടെ പിന്നണിയിൽ മാത്രമല്ല, സ്ക്രീനിന് മുന്നിലും ഒരു വലിയ സംവിധായക നിര തന്നെ ഈ ചിത്രത്തിനായി അണിനിരന്നിട്ടുണ്ട്. മലയാളത്തിലെ പ്രശസ്തരായ ഏഴ് സംവിധായകരാണ് ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങളിൽ നിവിൻ പോളിക്കൊപ്പം സ്ക്രീൻ പങ്കിട്ടത്.

രഘുനാഥ് പലേരി: ‘ഒന്നു മുതൽ പൂജ്യം വരെ’, ‘വിസ്മയം’ തുടങ്ങിയ ക്ലാസിക് ചിത്രങ്ങളുടെ സംവിധായകനും പ്രശസ്ത തിരക്കഥാകൃത്തുമായ രഘുനാഥ് പലേരി, ചിത്രത്തിൽ നിവിൻ പോളിയുടെ അച്ഛന്റെ വേഷത്തിലാണ് എത്തിയത്.

മധു വാര്യർ: ‘ലളിതം സുന്ദരം’ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ മധു വാര്യർ, നിവിൻ പോളിയുടെ സഹോദരനായാണ് ചിത്രത്തിൽ വേഷമിട്ടത്.

അൽഫോൺസ് പുത്രൻ: ‘നേരം’, ‘പ്രേമം’ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകളുടെ അമരക്കാരൻ അൽഫോൺസ് പുത്രൻ, ചിത്രത്തിൽ ഒരു സൈക്കാട്രിസ്റ്റായി എത്തി കാണികളെ അതിശയിപ്പിച്ചു.

ആനന്ദ ഏകർഷി: തന്റെ ആദ്യ ചിത്രമായ ‘ആട്ട’ത്തിലൂടെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിയ ആനന്ദ് ഏകർഷി, നിവിൻ പോളിയുടെ സുഹൃത്തായാണ് അഭിനയിച്ചിരിക്കുന്നത്.

അൽത്താഫ് സലിം: ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിന്റെ സംവിധായകനായ അൽത്താഫ് സലിം, തന്റെ തനതായ കോമഡി ശൈലിയിൽ ഒരു ഡെലിവറി ബോയിയുടെ വേഷത്തിലാണ് എത്തിയത്.

ശ്രീകാന്ത് മുരളി: ‘എബി’ എന്ന ചിത്രത്തിന്റെ സംവിധായകൻ ശ്രീകാന്ത് മുരളി ഒരു പണിക്കർ കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിച്ചു.

മണികണ്ഠൻ പട്ടാമ്പി: നടനായും സംവിധായകനായും തിളങ്ങുന്ന മണികണ്ഠൻ പട്ടാമ്പി ചിത്രത്തിൽ ഒരു ട്രൂപ്പ് മാനേജറുടെ വേഷത്തിലാണ് എത്തിയത്. ‘പഞ്ചായത്ത് ജെട്ടി’ എന്ന ചിത്രത്തിന്റെ സഹസംവിധായകൻ കൂടിയാണ് ഇദ്ദേഹം.അഖിൽ സത്യൻ ഒരുക്കിയ ഈ ഫാന്റസി-കോമഡി ചിത്രം നിവിൻ പോളിയുടെ ഗംഭീര തിരിച്ചുവരവായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഇതിനോടകം തന്നെ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രം തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.