ഹിന്ദി ചിത്രം ധുരന്ധർ ബോക്സ് ഓഫീസിൽ ചരിത്ര വിജയം തുടരുന്നതിനിടെ, ഐഎംഡിബിയുടെ (IMDb) ഈ ആഴ്ചയിലെ ജനപ്രിയ ഇന്ത്യൻ സെലിബ്രിറ്റികളുടെ പട്ടികയിൽ നടി സാറാ അർജുൻ ഒന്നാമത്.. തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ വിജയ്, പ്രഭാസ് എന്നിവരെ പിന്തള്ളിയാണ് സാറയുടെ ഈ നേട്ടം. കഴിഞ്ഞ ആഴ്ച രണ്ടാം സ്ഥാനത്തായിരുന്ന സാറ ചിത്രത്തിലെ യാലിന എന്ന കഥാപാത്രത്തിലൂടെയാണ് ഒന്നാം സ്ഥാനത്തേക്ക് ഉയർന്നത്. ചിത്രത്തിന്റെ സംവിധായകൻ ആദിത്യ ധർ രണ്ടാം സ്ഥാനത്തും നടി യാമി ഗൗതം മൂന്നാം സ്ഥാനത്തും ഇടംപിടിച്ചു.
ദളപതി വിജയ് എട്ടാം സ്ഥാനത്തും, അഗസ്ത്യ നന്ദ 12-ാം സ്ഥാനത്തും, പ്രഭാസ് 19-ാം സ്ഥാനത്തുമാണ്. നിവിൻ പോളി പട്ടികയിൽ 30-ാം സ്ഥാനത്തുണ്ട്. 831 കോടി രൂപയുടെ നികുതി രഹിത വരുമാനം നേടി ഹിന്ദിയിൽ ഏറ്റവുമധികം വരുമാനം നേടുന്ന ചിത്രമായി ധുരന്ധർ മാറി. പ്രദർശനത്തിന്റെ 33-ാം ദിവസവും മികച്ച കളക്ഷനാണ് ചിത്രം നേടുന്നത്.
കഴിഞ്ഞ ഡിസംബർ 5നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. രൺവീർ സിങ്ങിനൊപ്പം സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, അർജുൻ രാംപാൽ, ആർ. മാധവൻ, രാകേഷ് ബേദി തുടങ്ങി വൻ താരനിര അണിനിരക്കുന്നു. ജിയോ സ്റ്റുഡിയോസിനായി ജ്യോതി ദേശ്പാണ്ഡെയും, ബി62 സ്റ്റുഡിയോസിന്റെ ബാനറിൽ ആദിത്യ ധർ, ലോകേഷ് ധർ എന്നിവരും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിന്റെ വൻ വിജയത്തിന് പിന്നാലെ, രണ്ടാം ഭാഗം മാർച്ച് 19-ന് തിയേറ്ററുകളിൽ എത്തുമെന്ന് നിർമ്മാതാക്കൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ബാലതാരമായി മലയാളികൾക്കും പ്രിയങ്കരിയായ സാറ, ധുരന്ധർ എന്ന മെഗാ ഹിറ്റിലൂടെ ബോളിവുഡിലെ മുൻനിര നായികമാരുടെ നിരയിലേക്ക് ഉയർന്നിരിക്കുകയാണ്.
