ഡൊവിൻസ് എന്റർടൈൻമെന്റിന്റെ ബാനറിൽ തോമസ് ആന്റണി ഡിക്രൂസ്, കീത്ത് ആന്റണി ഡിക്രൂസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന മുഴുനീള റോഡ് മൂവി ‘എച്ച്.ടി.5’ (H.T.5)-ന്റെ ചിത്രീകരണം ആരംഭിച്ചു.
നർമ്മവും ഉദ്വേഗവും കോർത്തിണക്കി ഒരുങ്ങുന്ന ‘എച്ച്.ടി.5’ (H.T.5)-ന്റെ ചിത്രീകരണം കല്ലേലി ഫോറസ്റ്റിലാണ് പുരോഗമിക്കുന്നത്. പ്രശസ്ത പരസ്യചിത്ര സംവിധായകനും, മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ‘പരോൾ’ എന്ന ചിത്രത്തിന്റെ സംവിധായകനുമായ ശരത്ത് സന്ദിത് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
തികച്ചും അപരിചിതരായ അഞ്ച് വ്യക്തികൾ ഒരു രാത്രിയിൽ വനാന്തരങ്ങളിലൂടെ അവിചാരിതമായി ഒരു വാഹനത്തിൽ യാത്ര ചെയ്യേണ്ടി വരുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ശാന്തമായി തുടങ്ങുന്ന ഈ യാത്ര പിന്നീട് ഉദ്വേഗജനകമായ സംഭവങ്ങളിലേക്കും സംഘർഷങ്ങളിലേക്കും നീങ്ങുന്നു. പ്രേക്ഷകർക്ക് കൗതുകവും ആകാംക്ഷയും പകരുന്ന രീതിയിലുള്ള കഥാപുരോഗതിയും അപ്രതീക്ഷിതമായ വഴിത്തിരിവുകളുമാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. താരനിരയും അണിയറപ്രവർത്തകരും ‘മാർക്കോ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിമന്യു തിലക്, പ്രശസ്ത കന്നഡ-തമിഴ് താരം സമ്പത്ത് രാജ്, രാഹുൽ മാധവ്, സുധീർ കരമന എന്നിവർക്കൊപ്പം പുതുമുഖം സാൻഡ്രിയയും പ്രധാന വേഷങ്ങളിൽ എത്തുന്നു. ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബാംഗമായ സാൻഡ്രിയ വിഷ്വൽ കമ്മ്യൂണിക്കേഷൻ ബിരുദധാരിയാണ്. നിരവധി പരസ്യചിത്രങ്ങളിലൂടെയാണ് സാൻഡ്രിയ സിനിമയിലെത്തുന്നത്.
