സ്ത്രീകള്‍ക്കിടയില്‍ പുതിയ തരംഗമായി മാറിയ മ്യൂറല്‍ പെയിന്റിങ് ആഭരണങ്ങളുടെ ശേഖരവുമായായണ് തിരുവനന്തപുരം സ്വദേശിനി ശ്യാമളകുമാരി ദേശീയ സരസ് മേളയില്‍ സജീവമാകുന്നത്.തിരുവനന്തപുരം ചെറുവയ്ക്കല്‍ ശ്രീ ധര്‍മ്മശാസ്ത്ര കുടുംബശ്രീയിലെ സംരംഭകയാണ് ശ്യാമളകുമാരി.കേരളത്തിന്റെ തനത് കലാരൂപമായ ചുമര്‍ചിത്രങ്ങളെ ആഭരണങ്ങളിലേക്ക് പകര്‍ത്തിയാണ് ശ്യാമളകുമാരി തന്റെ സംരംഭത്തിന് പുതുജീവനേകിയത്.
2023 ല്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ അനുവാദത്തോടെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തില്‍ ചുമര്‍ചിത്രം വരച്ച ആദ്യ വനിത എന്ന നേട്ടത്തിന്റെ ഉടമ കൂടിയാണ് ശ്യാമളകുമാരി.2017 ലെ നാരീ ശക്തി പുരസ്‌കാര ജേതാവും കൂടിയാണിവര്‍.
പുരാണങ്ങളിലെ രംഗങ്ങള്‍, പൂക്കള്‍, രൂപങ്ങള്‍ എന്നിവയാണ് ചിത്രങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. മനോഹരങ്ങളായ മാലകള്‍, സാരികള്‍, അഗര്‍ബത്തി സ്റ്റാന്റ്, പെന്‍ സ്റ്റാന്റ്, അലങ്കാര വസ്തുക്കള്‍ തുടങ്ങിയവയുമുണ്ട്. 300 രൂപ മുതല്‍ 600 രൂപ വരെയാണ് മരത്തില്‍ തയ്യാറാക്കിയ മാലകള്‍ക്കുള്ള വില. 1500 മുതല്‍ 3500 രൂപ വരെയുള്ള സാരികളുമുണ്ട്.
തിരുവനന്തപുരം മ്യൂസിയം ചീഫ് ആര്‍ട്ടിസ്റ്റായ ഭര്‍ത്താവ് ജി അഴീക്കോടില്‍ നിന്നാണ് ശ്യാമളകുമാരി ഈ കല അഭ്യസിച്ചെടുത്തത്. തുടര്‍ന്ന് ചിത്രലേഖ എന്ന സ്വന്തമായ ഒരു സംരംഭം തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.ഇപ്പോള്‍ മ്യൂറല്‍ പെയിന്റിംഗ് ജ്വല്ലറി മേക്കിങ്ങില്‍ വീട്ടില്‍ തന്നെ നിരവധി പേര്‍ക്ക് ക്ലാസ് എടുക്കുന്നുണ്ട്. സാമ്പത്തിക മെച്ചത്തോടൊപ്പം മാനസിക സന്തോഷവും ഈ സംരംഭം വഴി തനിക്ക് ലഭിക്കുന്നുണ്ടെന്നാണ് ശ്യാമളകുമാരിയുടെ അഭിപ്രായം
