ദേശീയപാതയിലെ കായംകുളം കെ.എസ്.ആർ.ടി.സി ജംഗ്ഷൻ മുതൽ തൈക്കാവ് അല്ലെങ്കിൽ എം.എസ്. എം കോളേജ് വരെ ഉയരപ്പാത നിർമ്മിക്കണമെന്ന് യു പ്രതിഭ എം എൽ എയും അമ്പലപ്പുഴ മണ്ഡലത്തിലെ പായൽക്കുളങ്ങരയിലും വളഞ്ഞവഴി എസ് എൻ കവലയിലും രണ്ട് അടിപ്പാതകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എച്ച് സലാം എം എൽ എ യും ജില്ലാ വികസന സമിതിയിൽ പ്രമേയം അവതരിപ്പിച്ചു. ജനങ്ങളുടെ നിരന്തരമായ ആവശ്യവും ഈ പ്രദേശങ്ങളുടെ പ്രത്യേകതയും പരിഗണിച്ചാണ് എംഎൽഎമാർ ദേശീയപാത അതോറിറ്റിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു കൊണ്ട് പ്രമേയം അവതരിപ്പിച്ചത്.
കായംകുളം കെ.എസ്.ആർ.ടി.സി യുടെ സമീപത്തെ അടിപ്പാതയും ടെക്സ്മോ ജംഗ്ഷനിലെ അടിപ്പാതയും ബന്ധപ്പെടുത്തി കൊണ്ട് മറ്റൊരു അടിപ്പാതയും കായംകുളം മണ്ഡലത്തിൽ നിർമ്മിക്കണമെന്നും യു പ്രതിഭ എം.എൽ.എ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ശ്രീനാരായണഗുരുവിന്റെ പാദസ്പർശമേറ്റ ദേവികുളങ്ങര പഞ്ചായത്തിലെ ചേവണ്ണൂർ ചാവടിയിൽ ദിവസവും ധാരാളം ജനങ്ങളാണ് എത്തുന്നത്. അതിനാൽ കെ.എസ്. ആർ. ടി സിയുടെ സമീപത്തെയും ടെക്സ്മോ ജംഗ്ഷനിലെയും രണ്ട് അടിപ്പാതകൾ ബന്ധപ്പെടുത്തിക്കൊണ്ട് 350 മീറ്റർ ഉയരപ്പാത നിർമ്മിക്കുന്നതിന് ദേശീയപാത അതോറിറ്റി നടപടി സ്വീകരിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.
അമ്പലപ്പുഴ മണ്ഡലത്തിലെ പായൽക്കുളങ്ങരയിലും വളഞ്ഞവഴി എസ് എൻ കവലയിലും രണ്ട് അടിപ്പാതകൾ നിർമ്മിക്കുകയോ
അല്ലെങ്കിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി ജംഗ്ഷൻ മുതൽ പായൽ കുളങ്ങര വരെ ഉയരപ്പാത നിർമ്മിക്കണമെന്നൊ ആവശ്യപ്പെട്ടുകൊണ്ടാണ് എച്ച് സലാം എംഎൽഎ പ്രമേയം അവതരിപ്പിച്ചത്. ഈ പ്രമേയങ്ങൾ വികസന സമിതി പാസാക്കി.
പുനർഗേഹം പദ്ധതിയുടെ ഭാഗമായി പുറക്കാട് മണ്ണുംപുറത്ത് നിർമ്മിക്കുന്ന ഫ്ലാറ്റുകളിൽ 84 എണ്ണം ജനുവരി അവസാനത്തോടെ കൈമാറുവാൻ സാധിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഇതിന് മുമ്പ് അവശേഷിക്കുന്ന പണികൾ ഉടൻ തീർക്കണമെന്ന് യോഗം നിർദ്ദേശിച്ചു.
ആലപ്പുഴ നഗരസഭ പരിധിയിലെ അനധികൃത കയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എച്ച് സലാം എം എൽ എ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേരുന്നതിന് വികസന സമിതി തീരുമാനിച്ചു.
മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൃത്യമായി നിർമ്മാണ പുരോഗതി വിലയിരുത്തണമെന്നും പി പി ചിത്തരഞ്ജൻ എം എൽ എ ആവശ്യപ്പെട്ടു. ഹൗസ് ബോട്ടിലെ സെപ്റ്റിക് ടാങ്ക് മാലിന്യ സംസ്കരണത്തിനായി നടപ്പിലാക്കുന്ന കണ്ടെയ്നർ മോഡൽ എസ് ടി പി പദ്ധതിയും ചെട്ടിക്കാട് ആശുപത്രിയുടെ ഭൂമി ഏറ്റെടുക്കലും ചെത്തി ഹാർബർ നിർമ്മാണവും എത്രയും വേഗം പൂർത്തിയാക്കണമെന്നും ദേശീയപാതയിലെ കൊമ്മാടി ഭാഗത്തെ ഇരുവശങ്ങളിലും ഉണ്ടാകുന്ന വെള്ളക്കെട്ടിന് അടിയന്തിരമായി ദേശീയപാത അതോരിറ്റി പരിഹാരം കാണണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
കുട്ടനാട് താലൂക്കിലെ 13 ഗ്രാമപഞ്ചായത്തുകളിലായി കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന കുട്ടനാട് കുടിവെള്ള പദ്ധതിയും നീരേറ്റുപുറം ജലശുദ്ധീകരണ ശാലയുടെ 30 എം എൽ ഡി പ്ലാന്റ് നിർമ്മാണവും എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്നും ഇതിന് നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിന് ഈ മാസം തന്നെ യോഗം വിളിച്ചു ചേർക്കണമെന്നും തോമസ് കെ തോമസ് എംഎൽഎ ആവശ്യപ്പെട്ടു. കുട്ടനാടിന് അനുവദിച്ച 15 പാലങ്ങളുടെ നിർമ്മാണ പുരോഗതിയും നിലവിലെ അവസ്ഥയെ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ ജില്ലാ വികസന സമിതി പൊതുമരാമത്ത് പാലം വിഭാഗത്തിനോട് നിർദ്ദേശിച്ചു. കുട്ടനാട്ടിലെ തോടുകളുടെയും ആറുകളുടെയും ആഴം കൂട്ടി നീരൊഴുക്ക് വർദ്ധിപ്പിക്കുന്ന പ്രവർത്തികൾ ഉടൻ ആരംഭിക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ (ജലസേചനം) യോഗത്തിൽ അറിയിച്ചു. ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൻ്റെ ഉദ്ഘാടനം ഫെബ്രുവരിയിൽ നടത്താൻ സാധിക്കുമെന്ന് കെ എസ് റ്റി പി അധികൃതർ യോഗത്തിൽ അറിയിച്ചു.
കുട്ടനാട് നിയോജക മണ്ഡലത്തിലെ സ്കൂൾ ഗ്രൗണ്ടുകൾ താഴ്ന്നു വെള്ളം നിൽക്കുന്ന അവസ്ഥ ഉള്ളതിനാൽ ഈ ഗ്രൗണ്ടുകൾ മണൽ ഉപയോഗിച്ച് ഉയർത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് എം എൽഎ ആവശ്യപ്പെട്ടു.
നവ കേരള സദസ്സിനെ തുടർന്ന് ജില്ലയ്ക്ക് അംഗീകാരം ലഭിച്ച പദ്ധതികളുടെ അവലോകനവും യോഗത്തിൽ നടന്നു.
ജില്ലാ കളക്ടർ അലക്സ് വർഗീസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം എൽ എ മാരായ പി പി ചിത്തരഞ്ജൻ, എച്ച് സലാം, യു പ്രതിഭ, തോമസ് കെ തോമസ്, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
