കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം നാലാം പതിപ്പിന്റെ ഭാഗമായി തലസ്ഥാനം ചുറ്റാൻ വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന കെഎസ്ആർടിസി സൗജന്യ സിറ്റി റൈഡ് സർവീസുകളുടെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ നിർവഹിച്ചു.
രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് സർവീസുകൾ സജ്ജീകരിച്ചിട്ടുള്ളത്. നിയമസഭാ മന്ദിരത്തിന് മുന്നിൽ നിന്ന് തുടങ്ങുന്ന സർവീസ് മാസ്കോട്ട് ഹോട്ടൽ, എൽഎംഎസ്, മ്യൂസിയം, കനകക്കുന്ന്, വെള്ളയമ്പലം, ഗുരുദേവ പാർക്ക്, കോർപ്പറേഷൻ ഓഫീസ്, ഫൈൻ ആർട്സ് കോളേജ് വഴി തിരിച്ചെത്തും. ഉദ്ഘാടനം കഴിഞ്ഞയുടൻ വിവിധ സ്കൂളുകളിൽ നിന്നെത്തിയ കുട്ടികളുമായി സർവീസ് ആരംഭിച്ചു.
ഇന്ത്യയിൽ മുഴുവൻ ശ്രദ്ധിക്കപ്പെട്ട ഒരു ആശയമായി നിയമസഭ പുസ്തകോത്സവം മാറിയെന്നും നമ്മുടെ നാടിനും ഓരോ മലയാളികൾക്കും ഇത് അഭിമാനമാണെന്നും ഉദ്ഘാടനശേഷം മന്ത്രി ഗണേഷ് കുമാർ അഭിപ്രായപ്പെട്ടു. വായനാശീലം വളർത്തുന്നതിനും പുസ്തകങ്ങളെയും എഴുത്തുകാരെയും പരിചയപ്പെടുത്തുന്നതിനുമുള്ള വലിയ പദ്ധതിയായി പുസ്തകോത്സവം മാറിയെന്നും ഇതിൽ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
