കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ വാഹനങ്ങൾക്ക് നൽകി വന്നിരുന്ന അധിക കിഴിവുകൾ പിൻവലിക്കാൻ ഒരുങ്ങുന്നു. 2026 ജനുവരി 15 മുതൽ ഈ പുതിയ തീരുമാനം പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ, മാരുതിയുടെ ജനപ്രിയ മോഡലുകൾക്ക് വരും ദിവസങ്ങളിൽ വില വർദ്ധിക്കും.
കഴിഞ്ഞ വർഷം ജിഎസ്ടി നിരക്കുകൾ കുറഞ്ഞപ്പോൾ കമ്പനി ആ ആനുകൂല്യം ഉപഭോക്താക്കൾക്ക് നൽകിയിരുന്നു. കൂടാതെ, വിപണിയിൽ ഡിമാൻഡ് വർദ്ധിപ്പിക്കുന്നതിനായി ജിഎസ്ടി ഇളവിന് പുറമെ പ്രത്യേക ഡിസ്കൗണ്ടുകളും മാരുതി വാഗ്ദാനം ചെയ്തു. ഈ അധിക കിഴിവുകളാണ് നിർത്തലാക്കുന്നത്. ജിഎസ്ടി മൂലമുണ്ടായ വില ക്രമീകരണങ്ങൾക്ക് പുറമേ, എസ്-പ്രസ്സോയുടെ ചില വകഭേദങ്ങൾക്ക് ₹67,000 വരെ അധിക കിഴിവുകൾ ലഭിച്ചു.
ജനുവരി 15-ന് മുമ്പ് കാർ ബുക്ക് ചെയ്യുന്നവർക്ക് നിലവിലുള്ള എല്ലാ ഡിസ്കൗണ്ടുകളോടും കൂടി കാർ സ്വന്തമാക്കാം. വില വർദ്ധനവിന് മുമ്പുള്ള നിരക്കിൽ വാഹനം ലഭിക്കുകയും, 2025 മോഡലുകളുടെ സ്റ്റോക്ക് തീർക്കാൻ ഡീലർമാർ നൽകുന്ന വലിയ ഇളവുകൾ പ്രയോജനപ്പെടുത്തുകയും ചെയ്യാം. ആൾട്ടോ, എസ്-പ്രസ്സോ, വാഗൺആർ, ബ്രെസ്സ തുടങ്ങിയ മോഡലുകൾക്കാണ് നിലവിൽ മികച്ച ഓഫറുകളുള്ളത്.
വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ സമയക്രമം ഏറെ പ്രധാനമാണ്. ജനുവരി 15ന് മുമ്പ് കാർ ബുക്ക് ചെയ്യുന്നവർക്ക് നിലവിലെ കുറഞ്ഞ നിരക്കിൽ തന്നെ സ്വന്തമാക്കാനാകും. എന്നാൽ ഈ തീയതിക്ക് ശേഷം കാത്തിരിക്കുന്നത് വലിയ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കും.
