നടൻ വിജയ് നായകനാകുന്ന ജനനായകൻ ജനുവരി 9 ന് പൊങ്കൽ റിലീസായി തിയേറ്ററിൽ എത്തും. സിനിമയുടെ സെൻസർഷിപ്പുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിച്ചു. ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചു. ഉടനെ തന്നെ സിനിമയുടെ അഡ്വാൻസ് ബുക്കിങ്ങുകൾ ആരംഭിക്കും. നിലവിൽ ചില തിയേറ്ററുകളിൽ മാത്രം ബുക്കിങ് ആരംഭിച്ചിരുന്നു. മികച്ച പ്രതികരണമാണ് ബുക്കിങ്ങിൽ സിനിമയ്ക്ക് ലഭിക്കുന്നത്.
ഡിസംബർ 19 നായിരുന്നു സെൻസർ ബോർഡ് അംഗങ്ങൾ സിനിമ കണ്ടത്. പത്ത് കട്ടുകൾ ആണ് അന്ന് സെൻസർ ബോർഡ് സിനിമയ്ക്ക് നിർദേശിച്ചിരുന്നത്. കട്ടുകൾ ചെയ്ത് നിർമാതാക്കൾ വീണ്ടും സിനിമ സെൻസറിങ്ങിനായി സമർപ്പിച്ചിരുന്നു. എന്നാൽ തുടർന്ന് പുതിയ സെൻസർ സർട്ടിഫിക്കറ്റ് സിനിമയ്ക്ക് നൽകിയിരുന്നില്ല. ഇതിനെ തുടർന്നായിരുന്നു സിനിമയുടെ റിലീസ് പ്രതിസന്ധിലായി എന്നുള്ള റിപ്പോർട്ടുകൾ ഉയർന്നത്. മൂന്ന് മണിക്കൂർ മൂന്ന് മിനിട്ടാണ് സിനിമയുടെ റൺ ടൈം എന്നാണ് റിപ്പോർട്ട്. അതേസമയം ആദ്യ ദിനം വലിയ കളക്ഷൻ സിനിമ നേടുമെന്നാണ് കണക്കുകൂട്ടൽ. തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനായകൻ.
