അബിഷൻ ജീവിന്ത്, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മദൻ സംവിധാനം ചെയ്യുന്ന ‘വിത്ത് ലവ്’ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ. ചിത്രം 2026 ഫെബ്രുവരി 6ന് ആഗോള റിലീസായെത്തും. എംആർപി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ നസറത്ത് പാസിലിയനും, മഗേഷ് രാജ് പാസിലിയനും ചേർന്നാണ് സൗന്ദര്യ രജനീകാന്തിനൊപ്പം ഈ ചിത്രം നിർമ്മിക്കുന്നത്. പുതുവർഷ ആശംസകളേകുന്ന ഒരു പുത്തൻ പോസ്റ്റർ പുറത്ത് വിട്ടുകൊണ്ടാണ് ചിത്രത്തിൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്.
ഒരു ഫീൽ ഗുഡ് റൊമാൻ്റിക് എൻ്റർടെയ്‌നർ ആയി ഒരുക്കിയ ചിത്രത്തിലെ ‘അയ്യോ കാതലേ’ എന്ന ഗാനം അടുത്തിടെ പുറത്ത് വന്നിരുന്നു. ചിത്രത്തിന്റെ ടൈറ്റിൽ ടീസർ നേരത്തെ പുറത്തു വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. പുതിയ കാലഘട്ടത്തിലെ യുവത്വത്തിൻ്റെ ജീവിതമാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. അത് കൃത്യമായി പ്രതിഫലിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ടീസറിന് യുവ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകരണമാണ് ലഭിച്ചത്.
ഈ വർഷത്തെ തമിഴിലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘ടൂറിസ്റ്റ് ഫാമിലി’യുടെ വമ്പിച്ച വിജയത്തെത്തുടർന്ന്, അതിന്റെ സംവിധായകൻ അബിഷൻ ജീവിന്ത് ഈ റൊമാന്റിക് ഡ്രാമയിലൂടെ ആദ്യമായി നായകനായി എത്തുകയാണ്. ലവർ, ടൂറിസ്റ്റ് ഫാമിലി എന്നീ ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടർ ആയി ജോലി ചെയ്ത മദൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
