എസ് യുവി വിഭാഗം വാഹനങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ വൻ ഡിമാന്റാണുള്ളത്. ഉപഭോക്താക്കളുടെ ഈ താല്പര്യം കണക്കിലെടുത്ത് മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര തുടങ്ങിയ പ്രമുഖ കമ്പനികൾ വരും വർഷങ്ങളിൽ അഞ്ച് പുതിയ മോഡലുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. മെച്ചപ്പെട്ട റോഡ് സാന്നിധ്യം, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ എന്നിവയാൽ ഹാച്ച്ബാക്കുകളെയും സെഡാനുകളെയും പിന്നിലാക്കി കോംപാക്റ്റ് എസ്യുവികൾ വിപണി കീഴടക്കുകയാണ്. .
ടാറ്റയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായ ‘പഞ്ച്’ പുതിയ ലുക്കിൽ ജനുവരി 13-ന് പുറത്തിറങ്ങും. പുതിയ എൽഇഡി ഹെഡ്ലാമ്പുകൾ, ഡിആർഎൽ, കണക്റ്റഡ് ടെയിൽലാമ്പുകൾ എന്നിവയ്ക്കൊപ്പം 360-ഡിഗ്രി ക്യാമറ, എഡിഎഎസ് സാങ്കേതികവിദ്യ എന്നിവയും ടീസറുകൾ സൂചിപ്പിക്കുന്നു. 1.2 ലിറ്റർ പെട്രോൾ എൻജിനിൽ എത്തുന്ന വാഹനം സിഎൻജി വേരിയന്റിലും ലഭ്യമാകും.
കോംപാക്റ്റ് എസ്യുവി വിപണിയിലെ അതികായനായ ബ്രെസ്സയുടെ പുതിയ പതിപ്പ് ഈ വർഷം തന്നെ പ്രതീക്ഷിക്കാം. ലെവൽ 2 എഡിഎഎസ് സംവിധാനമാണ് ഇതിലെ പ്രധാന ആകർഷണം. റിപ്പോർട്ടുകൾ പ്രകാരം, സിഎൻജി മോഡലുകളിൽ ബൂട്ട് സ്പേസ് കൂട്ടാനായി അണ്ടർബോഡി സിഎൻജി ടാങ്ക് സംവിധാനം മാരുതി പരീക്ഷിക്കുന്നുണ്ട്.
മൈലേജിൽ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുന്ന ഫ്രോങ്ക്സ് ഹൈബ്രിഡ് 2026 മധ്യത്തോടെ വിപണിയിലെത്തും. മാരുതിയുടെ സ്വന്തം ‘Strong Hybrid’ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഈ വാഹനം ലിറ്ററിന് 30 കിലോമീറ്ററിലധികം മൈലേജ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എഡിഎഎസ് ഉൾപ്പെടെയുള്ള ആധുനിക സുരക്ഷാ ക്രമീകരണങ്ങളും ഇതിലുണ്ടാകും.
മഹീന്ദ്രയുടെ പുതിയ ‘വിഷൻ’ കൺസെപ്റ്റിലെ ആദ്യ പ്രൊഡക്ഷൻ വാഹനമായ ‘വിഷൻ എസ്’ 2027-ൽ പുറത്തിറങ്ങും. സ്കോർപിയോ ബ്രാൻഡിംഗിന് കീഴിൽ വരാൻ സാധ്യതയുള്ള ഈ മോഡൽ പരുക്കൻ ഓഫ്-റോഡ് രൂപകൽപ്പനയിലാണ് എത്തുന്നത്. പെട്രോൾ, ഡീസൽ എൻജിനുകൾക്കൊപ്പം എഡബ്ല്യുഡി സംവിധാനവും ഇതിൽ പ്രതീക്ഷിക്കാം.
2027-ഓടെ ടാറ്റയുടെ ജനപ്രിയ മോഡലായ നെക്സോണിന്റെ പുതിയ തലമുറ വിപണിയിലെത്തും. ‘ഗരുഡ’ എന്ന കോഡ് നാമത്തിൽ വികസിപ്പിക്കുന്ന ഈ വാഹനം നിലവിലെ X1 പ്ലാറ്റ്ഫോമിനെ നവീകരിച്ചായിരിക്കും നിർമ്മിക്കുക. കൂടുതൽ വിശാലമായ ഇന്റീരിയറും ലോകോത്തര സുരക്ഷാ മാനദണ്ഡങ്ങളും ഉൾപ്പെടുത്തിയായിരിക്കും പുതിയ നെക്സോണിന്റെ വരവ്.
