Home » Blog » Kerala » ഗിരീഷ് എ ഡിയുടെ പുതിയ ചിത്രം ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ ഷൂട്ടിംഗ് തുടങ്ങി
bethlehem-kudumba-unit

നിവിൻ പോളി, മമിത ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ബത്‌ലഹേം കുടുംബ യൂണിറ്റിന്റെ ഷൂട്ടിംഗ് തുടങ്ങി. ചിത്രത്തിന്റെ പൂജ ചടങ്ങുകൾ സിനിമാ മേഖലയിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ ഇന്ന് നടന്നു.

നിവിൻ പോളിയും ബ്ലോക്ക്ബസ്റ്റർ റോം കോം ചിത്രം ‘പ്രേമലു’ ടീമും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘ബത്‌ലഹേം കുടുംബ യൂണിറ്റ്. ചിത്രത്തിൽ സംഗീത് പ്രതാപും പ്രധാന വേഷത്തിൽ എത്തുന്നു. പ്രേമലുവിലൂടെ സൗത്ത് ഇന്ത്യയിൽ സെൻസേഷൻ ആയി മാറിയ മമിത വീണ്ടും പ്രേമലു മേക്കേഴ്‌സിനൊപ്പം ഒന്നിക്കുകയാണ് എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

തെന്നിന്ത്യയിലെ ശ്രദ്ധേയ താരങ്ങളായ വിജയ്, ധനുഷ്, സൂര്യ, പ്രദീപ് രംഗനാഥൻ എന്നിവരുടെ നായികയായ ശേഷം മമിത മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

സർവ്വം മായയിലൂടെ തന്റെ സ്‌ട്രോങ്ങ് സോണിലേക്ക് തിരിച്ചെത്തിയ നിവിൻ റൊമാന്റിക് കോമഡി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഗിരീഷ് എ ഡിയോടൊപ്പം ഒരുമിക്കുമ്പോൾ ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രമായി മാറിയിരിക്കുകയാണ് ബത്‌ലഹേം കുടുംബ യൂണിറ്റ് എന്ന് പറയാം. തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, ‘പ്രേമലു’ എന്നീ സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് ഗിരീഷ് എ ഡി.

റൊമാന്റിക് കോമഡി ഴോണറിൽ വരുന്ന ചിത്രം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌കരൻ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണ് ബത്‌ലഹേം കുടുംബ യൂണിറ്റ്. ഗിരീഷ് എ ഡിയും കിരൺ ജോസിയും ചേർന്നാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.