Home » Blog » Kerala » സിനിമാപ്രേമികളെ ‘പ്രകമ്പനം’ കൊള്ളിക്കാൻ ഗണപതിയും സാഗർ സൂര്യയും; ടീസർ പുറത്ത്
maxresdefault

ഗണപതിയും സാഗര്‍ സൂര്യയും പ്രധാന വേഷത്തില്‍ എത്തുന്ന മിസ്റ്റിക് -കോമഡി എന്റർടെയ്നർ ‘പ്രകമ്പനം’ ത്തിന്റെടീസർ പുറത്ത്. ഒരു കംപ്ലീറ്റ് ഹൊറർ കോമഡി എന്റർടെയ്‌നറിന്റെ എല്ലാ ഘടകങ്ങളും ഉൾക്കൊള്ളുന്ന ടീസറാണ് പുറത്തിറങ്ങിയത്. പ്രമുഖ നിർമ്മാണ കമ്പനിയായ സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസും നവരസ ഫിലിംസിന്റെ ബാനറിൽ ശ്രീജിത്ത് കെഎസ്, കാർത്തികേയൻ, സുധീഷ്.എൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിന്റെ കഥയും സംവിധാനവും വിജേഷ് പാണത്തൂരാണ്. ഈ വർഷം ആദ്യ പകുതി തന്നെ ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. ഹോസ്റ്റൽ ജീവിതവും അതിന്റെ രസകരമായ മുഹൂർത്തങ്ങളും പശ്ചാത്തലമാകുന്ന ഈ ചിത്രം, കൊച്ചിയിലെ ഒരു മെൻസ് ഹോസ്റ്റലിനെയും കണ്ണൂരിനെയും ആസ്പദമാക്കിയാണ് കഥ പറയുന്നത്. ഗണപതിയെയും സാഗർ സൂര്യയെയും കൂടാതെ ശീതൾ ജോസഫ്, അമീൻ, കലാഭവൻ നവാസ്, രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി പി കുഞ്ഞികൃഷ്ണൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. കോ–പ്രൊഡ്യൂസേഴ്സായി വിവേക് വിശ്വം ഐ എം, പി മോൻസി, റിജോഷ്, ദിലോർ, ബ്ലെസ്സി എന്നിവരും, എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി അഭിജിത്ത് സുരേഷും പ്രവർത്തിക്കുന്നു. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ശ്രീഹരി വടക്കനാണ്.