ആലപ്പുഴ: ശബരിമലയിലെ സർക്കാർ നിലപാട് ആത്മാർത്ഥതയുള്ളതാണെന്നും ഈ വിഷയത്തിൽ സർക്കാരിനെ കുറ്റപ്പെടുത്താനില്ലെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ന്റെ പ്രതികരണം. ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെയെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.
അതേസമയം ലീഗിനെതിരെ രൂക്ഷ വിമർശനമാണ് വെള്ളാപ്പള്ളി നടേശൻ ഉന്നയിച്ചത്. ഭരണത്തിലിരുന്നപ്പോൾ സാമൂഹിക നീതി നടപ്പാക്കിയോ എന്ന് ചോദിച്ച വെള്ളാപ്പള്ളി നടേശൻ ആത്മപരിശോധന നടത്താൻ ലീഗിനെ വെല്ലുവിളിക്കുന്നുവെന്നും വ്യക്തമാക്കി. ലീഗ് ശ്രമിക്കുന്നത് മതവിദ്വേഷം പരത്താനാണ്. മുസ്ലീങ്ങളെ ആകെ ഈഴവർക്കെതിരെ തിരിക്കാൻ ശ്രമിക്കുന്നു. ലീഗിനും ലീഗ് നേതാക്കൾക്കും ദുഷ്ടലാക്കാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സിപിഐയ്ക്കെതിരെയും വെള്ളാപ്പള്ളി വിമർശനമുന്നയിച്ചു. സിപിഐ നിലപാട് മുന്നണിയിൽ അനൈക്യമെന്ന തോന്നലുണ്ടാക്കി. ശരിയും തെറ്റും സിപിഐ മുന്നണിക്കുള്ളിൽ ചർച്ച ചെയ്യണമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ഇടതിന്റെ പിൻബലം പിന്നാക്കക്കാരുടെ പിന്തുണയാണ്. അത് സിപിഐ മനസിലാക്കണം.
കഴിഞ്ഞ ദിവസം ഉണ്ടായത് ദുരനുഭവമാണ്. 89 വയസ്സുണ്ടെന്നും പരിപാടിയിൽ നിന്ന് ഇറങ്ങിയത് ഉച്ച സമയത്താണെന്നും വെള്ളാപ്പള്ളി പറഞ്ഞു. പ്രായത്തെ ബഹുമാനിക്കണ്ടേ? ഈ സമയത്ത് പ്രതികരണം വേണോ എന്ന് താൻ ചോദിച്ചതാണെന്നും ആയിരുന്നു മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച സംഭവത്തെക്കുറിച്ച് വെള്ളാപ്പള്ളിയുടെ വിശദീകരണം. മര്യാദ കാണിക്കണ്ടേ? ഞാൻ മൈക്ക് തട്ടിയത് ശരിയാണ്. കുറച്ചു നാളായി എന്റെ ചോരയ്ക്ക് വേണ്ടി നടക്കുന്നു. അവർ സ്വയം ആത്മ പരിശോധന നടത്തണ്ടേ? പക്വത കാണിക്കണ്ടേ? ഞാൻ എന്ത് തെറ്റാണ് ഞാൻ ചെയ്തതെന്നും വെള്ളാപ്പള്ളി ചോദിച്ചു.മാധ്യമപ്രവര്‍ത്തകനെ തീവ്രവാദിയെന്നാണ് വെള്ളാപ്പള്ളി വിശേഷിപ്പിച്ചത്. തുടര്‍ന്ന് മാധ്യമപ്രവർത്തകനെ തീവ്രവാദി എന്ന് പറഞ്ഞത് ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്നും അങ്ങനെ വിവരം ഉണ്ടെന്നും ആണ് വെള്ളാപ്പള്ളി മറുപടി നൽകിയത്.
യുഡിഎഫ് ഭരിക്കുമ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. നയത്തിന്റെ ഭാഗമായാണ് എൽഡിഎഫ് അനുമതി നൽകാത്തത്. അപേക്ഷ ക്ഷണിക്കുമ്പോള്‍ അപേക്ഷിക്കും. ചതിയൻ ചന്തു പരാമർശത്തിൽ ഉറച്ച് നിൽക്കുന്നുണ്ടോ എന്ന് ചോദ്യത്തിന് പറഞ്ഞതിൽ എല്ലാം ഉറച്ചു നിൽക്കുന്നുവെന്നും ഒരു മാറ്റവും ഇല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബിനോയ് വിശ്വത്തിന്റെ കാറിൽ സഞ്ചരിക്കേണ്ട കാര്യം തനിക്കില്ല. എംഎൻ ഗോവിന്ദൻ അടക്കമുള്ള ആളുകൾ തന്റെ കാറിൽ കയറിയിട്ടുണ്ട്. സിപിഐയെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു.
