നടൻ പ്രഭാസ് ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന ബിഗ് ബജറ്റ് ചിത്രം സ്പിരിറ്റി’ന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിൽ പ്രഭാസ് എത്തുന്ന ചിത്രത്തിൽ തൃപ്തി ദിമ്രിയാണ് നായികയായി എത്തുന്നത്. അനിമൽ’ എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
600 കോടി രൂപ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ കൊറിയൻ സൂപ്പർ താരം ഡോൺ ലീയും ഭാഗമാകുമെന്ന് റിപ്പോർട്ടുകളുണ്ട്. ടി സീരീസും ഭദ്രകാളി പിക്ചേഴ്സും ചേർന്നാണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിക്കുന്നത്.
അതേസമയം, ‘കൽക്കി 2898 എ.ഡി’യുടെ വൻ വിജയത്തിന് ശേഷം റിലീസിനായി ഒരുങ്ങുന്ന പ്രഭാസ് ചിത്രം ‘രാജാ സാബ്’ വലിയ പ്രതീക്ഷയാണ് നൽകുന്നത്. മാരുതി സംവിധാനം ചെയ്യുന്ന ഈ പാൻ-ഇന്ത്യൻ ഹൊറർ ഫാന്റസി ത്രില്ലറിൽ ഇരട്ടവേഷത്തിലാണ് പ്രഭാസ് എത്തുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ടീസറും ട്രെയിലറും ഹൊറർ, റൊമാൻസ്, കോമഡി എന്നിവയുടെ മനോഹരമായ മിശ്രണമായി പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. സമാനതകളില്ലാത്ത വിഎഫ്എക്സ് ദൃശ്യങ്ങളുമായി എത്തുന്ന ഈ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ മികച്ചൊരു സൂപ്പർനാച്ചുറൽ വിരുന്നായിരിക്കുമെന്നാണ് സൂചന.
സഞ്ജയ് ദത്ത്, ബൊമൻ ഇറാനി, നിധി അഗർവാൾ, മാളവിക മോഹനൻ തുടങ്ങി വൻ താരനിര അണിനിരക്കുന്ന ‘രാജാ സാബ്’ ടി.ജി. വിശ്വപ്രസാദാണ് നിർമ്മിക്കുന്നത്. കരിയറിൽ ഇതുവരെ കാണാത്ത പുത്തൻ സ്റ്റൈലിലും സ്വാഗിലുമാണ് പ്രഭാസ് ഈ ചിത്രത്തിൽ എത്തുന്നത്. സഞ്ജയ് ദത്തിന്റെ വേറിട്ട വേഷപ്പകർച്ചയും ചിത്രത്തിന്റെ ഹൈലൈറ്റാണ്.
