തിരുവല്ല ദേശത്തിന്റെ ക്രിസ്മസ് ആഘോഷങ്ങൾക്ക് പുതുചൈതന്യം പകരുന്ന സാന്റാ ഹാർമണി 2025–ന്റെ ഔദ്യോഗിക ലോഗോ പ്രകാശനം തിരുവല്ല ബിലീവേഴ്സ് ചർച്ച് ആശുപത്രിയിൽ വച്ച് നടന്നു. തിരുവല്ല പൗരാവലിയുടെ ആഭിമുഖ്യത്തിൽ നഗരത്തിലെ പ്രമുഖ ആശുപത്രികളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും, വ്യാപാര സംഘടനകളും, മതസ്ഥാപനങ്ങളും, വിവിധ കലാ-കായിക സംഘടനകളും ഒന്ന് ചേർന്ന് സംഘടിപ്പിക്കുന്ന തിരുവല്ലയിലെ ഏറ്റവും വലിയ ജനകീയ ക്രിസ്മസ് ആഘോഷ കൂട്ടായ്മയാണ് സാന്റാ ഹാർമണി.
ബിലീവേഴ്സ് ആശുപത്രി സി.ഇ.ഒ ഡോ. ജോർജ് ചാണ്ടി ചടങ്ങ് ഉത്ഘാടനം ചെയ്ത് പുഷ്പഗിരി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ റവ. മാത്യൂ തുണ്ടിയിലിനു സാൻ്റാ ഹാർമണി – 2025 ൻ്റെ ലോഗോ കൈമാറി പ്രകാശനം നിർവഹിച്ചു. ശ്രീ. ആർ. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.
റവ.മാത്യൂ തുണ്ടിയിൽ, അഡ്വ.വർഗീസ് മാമ്മൻ, സണ്ണി കുരുവിള, എം.സലീം, സാൻലി എം.അലക്സ്, ഷാജി മാത്യൂ,സിബി തോമസ്, വിന്നി ജോൺൺ എന്നിവർ പ്രസംഗിച്ചു.
5,000-ത്തിലധികം സാന്റാ വേഷധാരികൾക്കൊപ്പം അയ്യായിരത്തിൽപരം ആളുകൾ ഘോഷയാത്രയിൽ പങ്കെടുത്ത് ഈ വർഷത്തെ സാന്റാ ഹാർമണി, തിരുവല്ലയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ആഘോഷക്കാഴ്ചയാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ക്രിസ്മസ് വിളംബര ഘോഷയാത്ര ഡിസംബർ 19-ന് വൈകിട്ട് 3.30-ന് രാമൻചിറ ബൈപാസിൽ നിന്ന് ആരംഭിച്ച് 6 മണിയ്ക്ക് സെന്റ് ജോൺസ് കത്തീഡ്രൽ അങ്കണത്തിൽ സമാപിക്കും.
