Home » Blog » Kerala » സിനിമ പ്രേമികൾക്ക് സന്തോഷവാർത്ത; ചലച്ചിത്ര മേളയിൽ ഇനി ‘അൺ റിസർവ്ഡ് കൂപ്പൺ’
iffk-1-680x450

30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്നലെയായിരുന്നു തുടക്കം കുറിച്ചിരുന്നത്. എല്ലാവർഷവും മണിക്കൂറുകളോളം നീണ്ട ക്യൂ നിന്നിട്ടും പലർക്കും സിനിമ കാണാൻ പറ്റാത്ത അവസ്ഥകൾ ഉണ്ടായിട്ടുണ്ട്. ഇതിന്റെ പേരിൽ തർക്കവും ഉണ്ടാവാറുണ്ട്. എന്നാൽ ഇത്തവണ അതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് അധികൃതർ. നീണ്ട ക്യൂ ഒഴിവാക്കാൻ ഇത്തവണ ആദ്യമായി ‘അൺ റിസർവ്ഡ് കൂപ്പൺ’ സംവിധാനം ഒരുക്കിയിരിക്കുകയാണ് . തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്ന ഈ കൂപ്പണുള്ളവർ മാത്രം ഇനി ക്യൂ നിന്നാൽ മതിയാകും. മണിക്കൂറുകൾ ക്യൂ നിന്ന് പടം കാണാൻ പറ്റാതെ വരുന്ന അവസ്ഥ ഇതിനാൽ ഒഴിവാക്കാൻ കഴിയും.

ഐഎഫ്എഫ്കെയിൽ എല്ലാ വര്‍ഷവും റിസർവ്ഡ് സീറ്റുകളുണ്ടാകാറുണ്ട്. ബാക്കിയുള്ളവയ്ക്കാണ് ആളുകൾ ക്യൂ നിൽക്കുന്നത്. മണിക്കൂറുകളോളം നീണ്ട വലിയൊരുനിര തന്നെ പല തീയറ്ററുകൾക്ക് മുന്നിലും കാണാം. എന്നാല്‍ അൺ റിസർവ്ഡ് കൂപ്പൺ ഉള്ളതുകൊണ്ട് ഇനി ഇതിന്‍റെ ആവശ്യം വരുന്നില്ല. കൂപ്പണുകൾ എല്ലാ തിയറ്ററുകളിലും ലഭ്യമാണ്. അതിൽ തന്നെ ഷോ ടൈം മറ്റു വിവരങ്ങളും ഉണ്ടാവും. മറ്റുള്ളവർക്ക് ബാക്കി സിനിമകൾക്ക് പോകാനും സമയം ലഭിക്കാനും ഇതിലൂടെ സാധിക്കും.

ചലച്ചിത്ര മേളയുടെ രണ്ടാം ദിവസമായ ഇന്ന് ഒരുപിടി മികച്ച സിനിമളാണ് പ്രദർശനത്തിന് എത്തുന്നത്. ഹോമേജ് വിഭാ​ഗത്തിൽ മലയാളത്തിലെ ‘നിർമാല്യം’, ഇറ്റാലിയന്‍ സംവിധായകന്‍ ഫെഡറികോ ഫെല്ലിനിയുടെ ഓസ്‌കാര്‍ ചിത്രം’8 ആന്‍ഡ് ഹാഫ്’, സ്വീഡിഷ് സംവിധായകന്‍ താരിഖ് സാലേഖിന്റെ ‘ഈഗിള്‍സ് ഓഫ് ദി റിപ്പബ്ലിക്ക്’ എന്നിവ ഇന്ന് പ്രദര്‍ശനത്തിനുണ്ട്. മൊത്തം 72 സിനിമകളാണിന്ന് തിയറ്ററുകളിൽ എത്തുന്നത്. ഉച്ച 2.30-ന് വിഖ്യാത ഇറാനിയന്‍ സംവിധായകന്‍ മൊഹമ്മദ് റൂസാലാഫുമായി ചര്‍ച്ചയും, ലോക സിനിമ വിഭാഗത്തില്‍ പപ്പ ബൂക, ഫ്രാന്‍സ്, ആല്‍ഫ, ചെക്കോസ്ലോവാക്യന്‍ നവതരംഗ വിഭാഗത്തിലെ പ്രശസ്ത സിനിമകളില്‍ ഒന്നായ ജിറി മെന്‍സലിന്റെ ഓസ്‌കാര്‍ ചിത്രം ക്ലോസ്ലിവാച്ചഡ് ട്രെയ്ന്‍സ്’, 2025 കാനില്‍ തിളങ്ങിയ ‘ദി മിസ്റ്റീരിയസ് ഗേസ് ഓഫ് ദി ഫ്‌ലെമിംഗോ’ എന്നിങ്ങനെ ഒരുപിടി വ്യത്യസ്തമായ ചിത്രങ്ങളും പ്രേക്ഷകരെ തേടിയെത്തുന്നുണ്ട്. ഫുൾ പ്ലേറ്റ്, ബ്ലാക്ക് റാബിറ്റ്‌സ് വൈറ്റ് റാബിറ്റ്‌സ്, ഇഫ് ഓൺ എ വിന്റെഴ്സ് നൈറ്റ്, ദി ഹീഡ്ര, ബിഫോർ ദി ബോഡി എന്നീ സിനിമകളാണ് അന്താരാഷ്ട്ര മത്സര വിഭാഗത്തിലുള്ളത്.