Home » Blog » Kerala » നിങ്ങൾ കണ്ടോ, അന്താരാഷ്‌ട്ര ബഹിരാകാശ നിലയം ഇന്നലെ കേരളത്തിന് മുകളിലൂടെ കടന്നുപോയി; ഇനിയും ഉണ്ട് അവസരം
Untitled-1-11-680x450

കേരളത്തിന് മുകളിൽ ദൃശ്യവിസ്മയം തീർത്തുകൊണ്ട് അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS) കടന്നുപോയി. ഇന്നലെ വൈകിട്ട് 6.25-ഓടെയാണ് ഈ ബഹിരാകാശ നിലയം കേരളത്തിന്റെ ആകാശത്തിന് മുകളിലൂടെ ദൃശ്യമായത്. നിരവധി പേർ ഈ കാഴ്ച മൊബൈൽ ക്യാമറകളിൽ പകർത്തി.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ കാഴ്ചകൾ കേരളത്തിൽ തുടരും. ഡിസംബർ ഏഴിന് വൈകിട്ടും ഡിസംബർ ഒമ്പതിന് രാവിലെയും ഐ.എസ്.എസ്. കേരളത്തിന് മുകളിലൂടെ കടന്നുപോകും. അതിൽ വെച്ച് ഏറ്റവും മികച്ച കാഴ്ച പ്രതീക്ഷിക്കുന്നത് ഡിസംബർ 11-നാണ്. അന്ന് രാവിലെ 5.19-ന് ഐ.എസ്.എസ്. 58 ഡിഗ്രി വരെ ഉയരത്തിലെത്തുന്നതിനാൽ വ്യക്തമായ ദൃശ്യം കേരളത്തിൽ നിന്ന് കാണാൻ സാധ്യതയുണ്ട്. നിലവിൽ ഏഴ് സഞ്ചാരികളാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഉള്ളത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐ.എസ്.എസ്.) താഴ്ന്ന ഭൂ-ഭ്രമണപഥത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു ബഹിരാകാശ ഗവേഷണശാലയാണ്. ഭൗമോപരിതലത്തിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഐ.എസ്.എസ്., മണിക്കൂറിൽ 27,000 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുന്നത്. ഒരു ദിവസം 15.54 തവണ നിലയം ഭൂമിയെ വലംവെക്കുന്നു. ഏകദേശം ഒരു ഫുട്ബോൾ സ്റ്റേഡിയത്തിന്റെ വലുപ്പമുള്ള ഇതിന് 109 മീറ്റർ നീളവും 73 മീറ്റർ വീതിയുമുണ്ട്. ഐ.എസ്.എസ്സിന്റെ ആകെ ഭാരം 4.5 ലക്ഷം കിലോഗ്രാമാണ്.