ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യൻ ബൗളർമാർ മോശം പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ, ഇന്ത്യൻ മാനേജ്‌മെന്റിനെതിരെ മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ് രൂക്ഷവിമർശനവുമായി രംഗത്ത്. മുഹമ്മദ് ഷമി അടക്കമുള്ള മികച്ച ബൗളർമാരെ ടീം മാനേജ്‌മെന്റ് മനഃപൂർവം ഒഴിവാക്കിയെന്നും, പകരം ഇഷ്ടക്കാരായ ബൗളർമാരെ മാത്രം കളിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
‘ഷമി എവിടെ, കാരണം കള്ളം’
“മുഹമ്മദ് ഷമി എവിടെ?” എന്ന് ചോദിച്ചുകൊണ്ടാണ് ഹർഭജൻ തന്റെ വിമർശനം ആരംഭിച്ചത്. ഷമിക്ക് ഫോമും ഫിറ്റ്‌നസും ഇല്ലെന്നാണ് സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ പറയുന്നതെങ്കിൽ, രഞ്ജി ട്രോഫിക്ക് ശേഷം ഇപ്പോൾ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും ഷമി മിന്നും പ്രകടനമാണ് നടത്തുന്നത്. ഇത് പരിശീലകൻ ഗൗതം ഗംഭീറും കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഹർഭജൻ കുറ്റപ്പെടുത്തി.
നിലവിൽ ടീമിലുള്ള ബൗളർമാരുടെ പ്രകടനത്തെയും അദ്ദേഹം വിമർശിച്ചു. “ഹർഷിത് റാണയും പ്രസിദ്ധ് കൃഷ്ണയും ഇനിയും ഏറെ മെച്ചപ്പെടാനുണ്ട്. നിലവിൽ അർഷ്ദീപ് സിംഗ് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ബൗളിംഗ് ആശങ്കയിൽ
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, അർഷ്ദീപ് സിംഗ് എന്നിവരാണ് ഇന്ത്യക്കായി പ്രധാനമായും പന്തെറിയുന്നത്. കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ എന്നിവരാണ് സ്പിന്നർമാർ.
എന്നാൽ, രണ്ട് മത്സരങ്ങളിലും ഇന്ത്യൻ ബാറ്റർമാർ കൂറ്റൻ സ്കോർ നേടിയിട്ടും, ഇന്ത്യൻ ബൗളിംഗ് നിരയെ സമ്മർദ്ദത്തിലാക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചു. രണ്ടാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക കൂറ്റൻ സ്കോർ വിജയകരമായി മറികടന്നത് ഇന്ത്യൻ ബൗളിംഗിന്റെ ദൗർബല്യം തുറന്നുകാട്ടി. ശക്തരായ താരങ്ങളെ ഒഴിവാക്കി ആവറേജ് താരങ്ങളെ മാത്രം കളിപ്പിച്ചാൽ ഇന്ത്യക്ക് കളി ജയിക്കാനാവില്ലെന്നാണ് ഹർഭജൻ സിംഗ് ചൂണ്ടിക്കാണിക്കുന്നത്.
