Your Image Description Your Image Description

ഡൽഹി: തനിക്ക് ഇന്ത്യയുടെ ആദ്യത്തെ അന്താരാഷ്ട്ര മെഡൽ ലഭിച്ചപ്പോൾ തന്റെ വകുപ്പ് പോലും സ്ഥാനക്കയറ്റം നൽകാൻ തയ്യാറായിരുന്നില്ലെന്നും എന്നാൽ നീരജ് ചോപ്ര മെഡൽ നേടിയതിന് ശേഷം മാറ്റങ്ങൾ കാണുന്നുവെന്നും മുൻ ലോംഗ് ജംപ് താരം അഞ്ജു ബോബി ജോർജ്ജ്. ‘താൻ തെറ്റായ കാലഘട്ടത്തിലെ കായികതാരമായിരുന്നുവെന്നും ഇപ്പോൾ ഇന്ത്യൻ കായിക രംഗം അടിമുടി മാറിയെന്നും അവർ പറഞ്ഞു.

തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയിൽ ക്രിസ്മസ് ആഘോഷത്തിനിടെ അഞ്ജു മോദിയെ വാനോളം പുകഴ്ത്തുകയും ചെയ്തു. ഇന്ത്യൻ കായികരംഗത്തെ മാറ്റിമറിച്ചത് മോദി സർക്കാറാണെന്നും അവർ പ്രകീർത്തിച്ചു.

വനിതാ ഗുസ്തി താരങ്ങൾ നൽകിയ ലൈംഗിക പീഡനക്കേസിൽ ആരോപണ വിധേയനായ ബ്രിജ് ഭൂഷൺ സിങ്ങിന്റെ അടുത്ത സഹായിയായ സഞ്ജയ് സിംഗ് ഇന്ത്യൻ ഗുസ്തി ഫഡറേഷൻ പുതിയ മേധാവിയായി തിരഞ്ഞെടുക്കപ്പെടുകയും ഒളിമ്പ്യൻ സാക്ഷി മാലിക് ഗുസ്തിയിൽ നിന്ന് അകാല വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് അഞ്ജുവിന്റെ പ്രസ്താവന.

ഒരു കായികതാരം എന്ന നിലയിൽ താൻ 25 വർഷമായി ഇവിടെയുണ്ട്. അന്നും ഇന്നുമായി ഒരുപാട് മാറ്റങ്ങൾ കാണുന്നതായും അവർ പറഞ്ഞു. ഇന്ത്യയിലെ സ്ത്രീകൾക്ക് ഇനി ഭയമില്ലാതെ സ്വപ്നം കാണാൻ കഴിയുമെന്നും പ്രധാനമന്ത്രിയെ പ്രശംസിച്ചുകൊണ്ട് അവർ പറഞ്ഞു. അതിനിടെ ബി.ജെ.പി എം.പി കൂടിയായ ഫെഡറേഷൻ മേധാവിക്കെതിരെ ലൈംഗികാതിക്രമത്തിന് ഒളിമ്പിക് മെഡൽ ജേതാക്കൾ പ്രതിഷേധിക്കുന്ന കാലഘട്ടമാണിത്.

Leave a Reply

Your email address will not be published. Required fields are marked *