Home » Top News » Kerala » സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ പെൻഷൻ നൽകുന്ന പദ്ധതി തിരഞ്ഞെടുപ്പിന് ശേഷം നടപ്പാക്കും സർക്കാർ
59b5dc949c7bc26e1ab29472aab202f856139393ad61b2298c67355207d50aeb.0

സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ പെൻഷൻ നൽകുന്ന സ്ത്രീസുരക്ഷാ പദ്ധതി തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ നടപ്പാക്കുകയുള്ളൂ എന്ന് സംസ്ഥാന സർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതിയുടേതെന്ന പേരിൽ പലയിടത്തും വിതരണം ചെയ്തത് വ്യാജ അപേക്ഷകളാണെന്നും സർക്കാർ കമ്മീഷന് വിശദീകരണം നൽകി. പെരുമാറ്റച്ചട്ട ലംഘനം ആരോപിച്ച് കമ്മീഷന് പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ഇപ്പോൾ സർക്കാർ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

നിലവിൽ സഹായം ലഭിക്കാത്ത, 35 നും 60 നും ഇടയിൽ പ്രായമുള്ള പാവപ്പെട്ട സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന പദ്ധതിയാണ് സ്ത്രീ സുരക്ഷാ പെൻഷൻ. ഈ സാമൂഹ്യക്ഷേമ പദ്ധതിയിലൂടെ, നിലവിൽ മറ്റ് പെൻഷനുകൾ ലഭിക്കാത്ത ട്രാൻസ് വുമൺ ഉൾപ്പെടെയുള്ള, എ.എ.വൈ (മഞ്ഞക്കാർഡ്), പി.എച്ച്.എച്ച് (പിങ്ക് കാർഡ്) വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് എല്ലാ മാസവും സാമ്പത്തിക സഹായം ഉറപ്പാക്കും. ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ 31.34 ലക്ഷം സ്ത്രീകളായിരിക്കുമെന്നും, ഇതിനായി പ്രതിവർഷം 3,800 കോടി രൂപയാണ് സർക്കാർ ചെലവഴിക്കാൻ ലക്ഷ്യമിടുന്നതെന്നും പ്രഖ്യാപിച്ചിരുന്നു.

സംസ്ഥാനത്ത് ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഡിസംബർ 15 മുതൽ തുടങ്ങും. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായി നടത്തുന്ന ഈ വിതരണത്തിൽ, 62 ലക്ഷം ഗുണഭോക്താക്കൾക്ക് വർദ്ധിപ്പിച്ച തുകയായ 2000 രൂപ വീതമാണ് ലഭിക്കുക. ഇതിനായി ധനവകുപ്പ് 1045 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളിൽ തുക നേരിട്ട് എത്തുന്നതോടൊപ്പം, ബാക്കിയുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിൽ എത്തിച്ചും പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്കുള്ള കേന്ദ്ര വിഹിതവും സംസ്ഥാന സർക്കാർ മുൻകൂറായി അനുവദിച്ചു.