തിരുവനന്തപുരം, ഡിസംബർ 4, 2025: കിംസ്ഹെൽത്ത് ഹെമറ്റോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. സൈഫുദ്ദീൻ എയെ ഫെഡറേഷന്‍ ഓഫ് ദി റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് ഓഫ് ദി യുകെ, ‘ഇന്റർനാഷണൽ പേസസ് ചാമ്പ്യൻ അവാർഡ് – 2025’ നൽകി ആദരിച്ചു. റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് അന്താരാഷ്ട്ര തലത്തില്‍ നടത്തുന്ന പേസസ് (പ്രാക്ടിക്കൽ അസസ്‌മെന്റ് ഓഫ് ക്ലിനിക്കൽ എക്സാമിനേഷൻ സ്കിൽസ്) പരീക്ഷകള്‍ സംഘടിപ്പിക്കുന്നതില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ബഹുമതി.
എംആര്‍സിപി (യുകെ) പരീക്ഷകളുടെ വിജയത്തിനും ആഗോളതലത്തില്‍, അവയുടെ സംഘാടനം വ്യാപിപ്പിക്കുന്നതില്‍ മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്ക് ഫെഡറേഷന്‍ നല്‍കുന്ന പരമോന്നത ബഹുമതിയാണ് ഇന്റര്‍നാഷണല്‍ പേസസ് ചാമ്പ്യന്‍ അവാര്‍ഡ്. അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം നേടിയ അഞ്ച് പേരിൽ ഒരാളാണ് ഡോ. സൈഫുദ്ദീൻ എ.
ക്ലിനിക്കൽ പരിശീലനത്തിന്റെ നിലവാരം ഉയർത്തുന്നതിലും വരുംതലമുറയിലെ ഡോക്ടർമാർക്ക് മികച്ച മാർഗ്ഗനിർദ്ദേശം നൽകുന്നതിലും സ്തുത്യർഹമായ സംഭാവനകളാണ് ഡോ. സൈഫുദ്ദീൻ നൽകിയിരിക്കുന്നത്. കാര്യങ്ങളെ സൂക്ഷ്മമായി വിലയിരുത്താനുള്ള അദ്ദേഹത്തിന്റെ കഴിവും, വിധിനിർണ്ണയത്തിലെ കൃത്യതയും വഴി ഡോക്ടർമാരുടെ കരിയറിലെ തന്നെ ഏറ്റവും കടുപ്പമേറിയ പരീക്ഷകളിലൊന്ന് വിജയകരമായി പൂർത്തിയാക്കാൻ നിരവധി വിദ്യാർത്ഥികളെ അദ്ദേഹം പരിശീലിപ്പിക്കുകയും പ്രാപ്തരാക്കുകയും ചെയ്തിട്ടുണ്ട്.
