Home » Top News » Kerala » ഇതൊരു ഫാക്ടറി ജോലി അല്ല; ദീപികയുടെ എട്ട് മണിക്കൂർ ഷൂട്ടിങ് ആവശ്യത്തിൽ പ്രതികരിച്ച് ദുൽഖറും റാണാ ദഗ്ഗുബതിയും
newsmalayalam_2025-10-10_etj67oti_deepika-padukone-latest

തൊഴിലിടത്തിലെ വർക്ക്ലൈഫ് ബാലൻസിനേക്കുറിച്ച് തുറന്നു പറഞ്ഞതിന് പിന്നാലെ രൂക്ഷമായ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്ന ബോളിവു‍ഡ് താരമാണ് നടി ദീപിക പദുക്കോൺ. എട്ട് മണിക്കൂർ ജോലിസമയം സംബന്ധിച്ച് ദീപിക മുന്നോട്ടുവച്ച നിർദേശങ്ങൾ പാലിക്കാൻ കഴിയാത്തതുമൂലം കൽക്കി, സ്പിരിറ്റ് എന്നീ ചിത്രങ്ങളിൽ നിന്ന് താരത്തിന് പിന്മാറേണ്ടി വന്നിരുന്നു. ഇപ്പോഴിതാ ദീപികയുടെ വാക്കുകൾ വീണ്ടും ചർച്ചയാവുകയാണ്. സിനിമാ മേഖലയിലെ പ്രൊഫഷണലുകൾക്ക് എട്ട് മണിക്കൂർ നിശ്ചിത ജോലി സമയം അനുവദിക്കുന്നതിനെക്കുറിച്ചുള്ള നടന്മാരും നിർമാതാക്കളുമായ ദുൽഖർ സൽമാൻ്റെയും റാണാ ദഗ്ഗുബതിയുടെയും വാക്കുകളാണ് ചർച്ചയാവുന്നത്. ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു വിഷയത്തെപ്പറ്റിയുള്ള ഇരുവരുടെയും വാക്കുകൾ.

ചലച്ചിത്രനിർമാണത്തിന്റെ സ്വഭാവം പ്രവചനാതീതമാണെന്നായിരുന്നു റാണ ദഗ്ഗുബതിയുടെ അഭിപ്രായം. “ഇതൊരു ജോലിയല്ല. ജീവിതശൈലിയാണ്. ഓരോ സിനിമയും ആവശ്യപ്പെടുന്ന കാര്യങ്ങൾ വ്യത്യസ്തമാണ്. ഇതൊരു ഫാക്ടറി ജോലി പോലെയല്ല. ചിലപ്പോൾ നമുക്ക് എട്ട് മണിക്കൂർ കൊണ്ട് മികച്ച സീനുകൾ ലഭിച്ചേക്കാം. എന്നാൽ ചില നേരം അമ്പത് മണിക്കൂർ ഇരുന്നാലും അത് ലഭിക്കണമെന്നില്ല,” റാണ ദഗ്ഗുബതി വ്യക്തമാക്കി. എല്ലാ സിനിമയിലും കൂട്ടായ പ്രവർത്തനം ആവശ്യമാണ്. ഒരു കഥ സൃഷ്ടിക്കുന്നതിൽ എല്ലാവരും ഉൾപ്പെടണം. പ്രൊഡക്ഷൻ്റെ എല്ലാ തലങ്ങളിലും കൂട്ടായ്മ എന്നത് അത്യാവശ്യമാണെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.

മലയാള സിനിമാ മേഖലയിലെ കാര്യങ്ങൾ ഊന്നി പറഞ്ഞുകൊണ്ടാണ് നടനും നിർമാതാവുമായ ദുൽഖർ സൽമാൻ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്. മലയാളത്തിൽ ചിത്രീകരണം പൂർത്തിയാക്കി പായ്ക്ക് അപ്പ് എന്ന് പറയുമ്പോൾ എല്ലാവർക്കും സന്തോഷമാണ്. കാരണം എപ്പോഴാണ് ഷൂട്ടിങ് അവസാനിക്കുകയെന്ന് ആർക്കും അറിയില്ല. ചിത്രീകരണം പലപ്പോഴും നീണ്ടുപോകാറുണ്ട്. അപ്പോഴെല്ലാം കൂട്ടായ പ്രവർത്തനങ്ങളാണ് അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും ഭാ​ഗത്ത് നിന്ന് ഉണ്ടാവുകയെന്നും ദുൽഖർ സൽമാൻ പറഞ്ഞു.

“സിനിമയുടെ പ്രൊഡക്ഷൻ നടക്കുന്ന ദിവസങ്ങളിൽ എപ്പോഴെങ്കിലും ഞാൻ അവർക്ക് ഒരു അവധി നൽകിയാൽ വേണ്ട നമുക്ക് ഇത് പൂർത്തിയാക്കിയ ശേഷം വീട്ടിലേക്ക് പോകാം എന്നാണ് പറയുക. അടുപ്പിച്ചുള്ള ഷൂട്ടിങ്ങുകളിലെ ആരോ​ഗ്യപ്രശ്നങ്ങൾ മനസിലാകും. എന്നാൽ സാമ്പത്തികമായുള്ള പ്രശ്നങ്ങളും വലുതാണ്. ഒരു ദിവസം അധികമായി ജോലി ചെയ്യുന്നത് ഒരു അധിക ദിവസത്തേക്കാൾ നല്ലതാണ്”, ദുൽഖർ സൽമാൻ.