Home » Top News » Kerala » രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പുതിയ പരാതിയിൽ നടപടി; ഡിജിപി പ്രത്യേക അന്വേഷണ സംഘത്തിന് പരാതി കൈമാറി
images (18)

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരെയുള്ള പുതിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. ഡി.ജി.പി.യുടെ നിർദ്ദേശപ്രകാരമാണ് പ്രത്യേക സംഘം കേസ് അന്വേഷിക്കുക. യുവതി മൊഴി നൽകാൻ തയ്യാറായാൽ ഉടൻ കേസ് രജിസ്റ്റർ ചെയ്യും. ഇതിനായി മൊഴി നൽകാനുള്ള താത്പര്യം പ്രത്യേക സംഘം യുവതിയോട് ആരായും. നേരത്തെ യുവതി ക്രൈംബ്രാഞ്ചിന് മൊഴി നൽകാൻ തയ്യാറല്ലെന്ന് അറിയിച്ചിരുന്നു.

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരെ യൂത്ത് കോൺഗ്രസ് നേതൃത്വത്തിന് ലഭിച്ച പുതിയ പരാതിയുടെ വാർത്ത ഇന്നലെയാണ് പുറത്തുവന്നത്. സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്ന ഇരുപത്തിമൂന്നുകാരിയാണ് പരാതി നൽകിയിരിക്കുന്നത്. ഹോട്ടൽ മുറിയിൽ കയറി ക്രൂരമായി പീഡിപ്പിച്ചു എന്ന് ആരോപിക്കുന്ന, വളരെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് പരാതിയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. പെൺകുട്ടി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സണ്ണി ജോസഫ് എന്നിവർക്ക് ഇ-മെയിൽ മുഖേനയാണ് പരാതി സമർപ്പിച്ചത്.

വിവാഹ വാഗ്ദാനം നൽകി ബന്ധം സ്ഥാപിച്ച ശേഷം ക്രൂരമായി പീഡിപ്പിച്ചെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ പരാതി. ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും സൗഹൃദം ആരംഭിച്ചത്. തുടർന്ന് രാഹുൽ ടെലിഗ്രാം നമ്പർ വാങ്ങുകയും സന്ദേശങ്ങൾ അയക്കുകയും ചെയ്തു. രാഹുൽ തന്നെയാണ് വിവാഹം കഴിക്കാനുള്ള ആഗ്രഹം പെൺകുട്ടിയോട് ആദ്യം പ്രകടിപ്പിച്ചത്. രാഹുൽ രാഷ്ട്രീയക്കാരനായതിനാൽ വീട്ടുകാർക്ക് ആദ്യം താൽപ്പര്യം ഉണ്ടായിരുന്നില്ലെങ്കിലും, പാർട്ടിയിൽ അദ്ദേഹത്തിന് നല്ല ഭാവിയുണ്ടെന്നറിഞ്ഞതിനെത്തുടർന്നും പിന്നീട് യൂത്ത് കോൺഗ്രസ് അധ്യക്ഷനായതോടെയും വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചു. ഇക്കാര്യം രാഹുലിനെ അറിയിച്ചപ്പോൾ വീട്ടുകാരുമായി എത്തി പെൺകുട്ടിയുടെ വീട്ടുകാരെ കാണാമെന്ന് അദ്ദേഹം ഉറപ്പുനൽകിയിരുന്നു എന്നും പരാതിയിൽ വ്യക്തമാക്കുന്നു.