ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ സെഞ്ച്വറി നേടി വിരാട് കോഹ്‌ലിയും അർധ സെഞ്ച്വറി നേടി രോഹിത് ശർമയും തകർപ്പൻ പ്രകടനം കാഴ്ചവെച്ചതോടെ, ഇരുവരുടെയും ഫോമും ഫിറ്റ്‌നസുമായി ബന്ധപ്പെട്ട സംശയങ്ങൾ അപ്രസക്തമായിരിക്കുകയാണ്. 2027 ഏകദിന ലോകകപ്പിൽ ഈ സീനിയർ താരങ്ങൾ കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
എന്നാൽ, രോഹിത്തിന്റെയും കോഹ്‌ലിയുടെയും ഏകദിന ഭാവിയെക്കുറിച്ച് ബിസിസിഐയും ടീം മാനേജ്‌മെന്റും ഇതുവരെ അന്തിമതീരുമാനത്തിൽ എത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് മുൻ ഇന്ത്യൻ നായകൻ കൂടിയായ ക്രിസ് ശ്രീകാന്ത് നിർണായക അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുന്നത്.
‘കിരീടം നേടണമെങ്കിൽ ഇവർ വേണം’
കോഹ്‌ലിയും രോഹിത്തും ഇല്ലാതെ ഇന്ത്യയ്ക്ക് ഏകദിന ലോകകപ്പ് നേടാൻ കഴിയില്ലെന്നാണ് ശ്രീകാന്തിന്റെ ഉറച്ച നിലപാട്. “കോഹ്‌ലിയും രോഹിത്തും വേറെ ലെവൽ താരങ്ങളാണ്. ഈ രണ്ട് താരങ്ങളുടേയും അഭാവത്തിൽ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക് നേടാനാവില്ല. ഇന്ത്യക്ക് ഒരു വശത്ത് വിരാടും മറുവശത്ത് രോഹിത്തും ആവശ്യമാണ്. ഇക്കാര്യത്തിൽ മറ്റ് ചോദ്യങ്ങൾക്ക് പ്രസക്തിയില്ല,” ശ്രീകാന്ത് പറഞ്ഞു.
ഇരുവരുടെയും മൈൻഡ് സെറ്റിനെ പ്രശംസിച്ച അദ്ദേഹം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കണ്ടതുപോലെ, “കോഹ്‌ലിയും രോഹിത്തും 20 ഓവർ ബാറ്റ് ചെയ്താൽ പിന്നെ എതിരാളികൾക്ക് അവസരമില്ല. അവർ സർവാധിപത്യം സ്ഥാപിക്കും,” എന്ന് ശ്രീകാന്ത് കൂട്ടിച്ചേർത്തു. ശ്രീകാന്തിന്റെ അഭിപ്രായത്തിൽ, 2027 ഏകദിന ലോകകപ്പിൽ ഇരുവർക്കും സീറ്റുറപ്പിച്ചു കഴിഞ്ഞു.
രോഹിത്-വിരാട് ഭാവിക്കായി ബിസിസിഐയുടെ അടിയന്തര യോഗം
അതിനിടെ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിന് മുന്നോടിയായി ബിസിസിഐ അടിയന്തര യോഗം വിളിച്ചത് അഭ്യൂഹങ്ങൾക്ക് ശക്തി പകരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് ഗൗതം ഗംഭീർ, സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ എന്നിവരുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ യോഗത്തിന് വിളിച്ചിട്ടുണ്ട്. രോഹിത്തിന്റെയും വിരാടിന്റെയും ഏകദിന കരിയറിലെ അടുത്ത ഘട്ടമായിരിക്കും ഈ കൂടിക്കാഴ്ചയുടെ പ്രധാന അജണ്ടയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
