Home » Top News » Kerala » ബുള്ളറ്റ് നിയന്ത്രണം വിട്ട് അപകടം; രണ്ട് പേർക്ക് ദാരുണന്ത്യം
images (22)

കൊല്ലം: കാവനാട് ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. രാമൻകുളങ്ങര സ്വദേശി അനൂപ്, പശ്ചിമ ബംഗാൾ സ്വദേശി ഗോബിന്ദ ദാസ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. അനൂപ് ഓടിച്ച ബുള്ളറ്റ് നിയന്ത്രണം വിട്ട് റോഡിലൂടെ നടന്നു വരികയായിരുന്ന ഗോബിന്ദ ദാസിനെയും അദ്ദേഹത്തിൻ്റെ മകൻ ജെതൻ ദാസിനെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാൽനടയാത്രക്കാരെ ഇടിച്ച ശേഷം നിയന്ത്രണം നഷ്ടപ്പെട്ട ബുള്ളറ്റ് സമീപത്തെ പോസ്റ്റിൽ ഇടിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റാണ് ബൈക്ക് ഓടിച്ചിരുന്ന അനൂപ് മരണപ്പെട്ടത്.

 

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരെ ഉടൻ തന്നെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സമയം അനൂപിൻ്റെ സുഹൃത്തുക്കൾ ആശുപത്രിയിലേക്ക് ബലം പ്രയോഗിച്ച് പ്രവേശിക്കാൻ ശ്രമിക്കുകയും, ജീവനക്കാർ തടയുകയും ചെയ്തതോടെ തർക്കം സംഘർഷത്തിൽ കലാശിച്ചു. സംഘർഷത്തിനിടെ അനൂപിനൊപ്പമെത്തിയവർ ആശുപത്രിയിലെ ചില്ലുകൾ തകർത്തു, ചില്ല് തെറിച്ച് വീണ് ഒരു വനിതാ സെക്യൂരിറ്റി ജീവനക്കാരിക്ക് പരിക്കേൽക്കുകയും ചെയ്തു. സംഘർഷാവസ്ഥയെ തുടർന്ന് സുഹൃത്തുക്കൾ അനൂപിനെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെ വെച്ച് മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.