എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിൽ നിർണായക വഴിത്തിരിവായേക്കാവുന്ന ശബ്ദരേഖകളുടെ ശാസ്ത്രീയ പരിശോധന ആരംഭിച്ചു. ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വെച്ചാണ് പരിശോധന നടക്കുന്നത്. പുറത്തുവന്നത് രാഹുലിന്റെ ശബ്ദമാണെന്ന് സ്ഥിരീകരിച്ചാൽ ഇത് കേസിൽ ശക്തമായ തെളിവാകും.
ഫ്ലാറ്റുകളിൽ പരിശോധനയും മഹസറും
ബലാത്സംഗം നടന്നതായി യുവതി മൊഴി നൽകിയ തിരുവനന്തപുരത്തെ ഫ്ളാറ്റിലെത്തിച്ച് പോലീസ് യുവതിയുടെ സാന്നിധ്യത്തിൽ പരിശോധന നടത്തി മഹസർ തയ്യാറാക്കി. ഫ്ളാറ്റിൽ നിന്നും സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിക്കും. ഇതിന് പുറമെ, പാലക്കാട്ടെ രാഹുലിന്റെ ഫ്ളാറ്റിലും പോലീസ് ഉടൻ പരിശോധന നടത്തി മഹസർ തയ്യാറാക്കുമെന്നാണ് വിവരം.
രാഹുലിനായി പാലക്കാട് വ്യാപക തിരച്ചിൽ
അതേസമയം, നവംബർ 27-ന് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയതിന് പിന്നാലെ ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിനായി പാലക്കാട് ജില്ലയിൽ പോലീസ് തിരച്ചിൽ ഊർജിതമാക്കി. രാഹുൽ പാലക്കാട് ജില്ലയിൽ തന്നെ ഒളിവിൽ കഴിയുന്നുണ്ടെന്ന സൂചനയെത്തുടർന്ന് ഇന്നലെ രാത്രി വിവിധ റിസോർട്ടുകളിൽ പരിശോധന നടത്തി. മംഗലംഡാം, കുഞ്ചിയാർപതി, പപ്പടപ്പാറ എന്നിവിടങ്ങളിലെ റിസോർട്ടുകൾ ഉൾപ്പെടെ പോലീസ് പരിശോധിച്ചു. രാഹുൽ സ്ഥലത്തുണ്ടെന്ന വാർത്തകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി.
ഡിജിറ്റൽ രേഖകൾ കോടതിക്ക് കൈമാറി
കേസിൽ വഴിത്തിരിവുണ്ടാക്കാൻ സാധ്യതയുള്ള ഡിജിറ്റൽ രേഖകൾ രാഹുൽ മാങ്കൂട്ടത്തിൽ ജില്ലാ കോടതിക്ക് കൈമാറിയിട്ടുണ്ട്. പരാതിക്കാരിയായ യുവതിക്കെതിരെയാണ് ഈ രേഖകൾ. അഭിഭാഷകൻ വഴിയാണ് ഒൻപത് ഫയലുകൾ അടങ്ങിയ മുദ്രവെച്ച കവർ കോടതിക്ക് നൽകിയത്. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച തിരുവനന്തപുരം സെഷൻസ് കോടതി പരിഗണിക്കാനിരിക്കെയാണ് ഈ നിർണായക നീക്കം. യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് ഗർഭച്ഛിദ്രം നടത്തിയതെന്ന് തെളിയിക്കുന്ന രേഖകൾ ഇതിലുണ്ടെന്നാണ് സൂചന.
