Home » Top News » Kerala » ചുഴലിക്കാറ്റ് ആഞ്ഞടിച്ചു; ശ്രീലങ്കയിൽ പ്രളയവും മണ്ണിടിച്ചിലും, 80 മരണം
2uLLS1pG3Rp9XW8zwGO8IEiWwEPnNopQMF9gxdSf

ഡിറ്റ്‌വാ ചുഴലിക്കാറ്റിനെ തുടർന്ന് ശ്രീലങ്കയിലുണ്ടായ കനത്ത മഴയിൽ 80 പേർ മരിച്ചു. മഴയെ തുടർന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെല്ലാം തകർന്ന നിലയിലാണ്. നിരവധി പേരെ കാണാതായിട്ടുണ്ട്. അതേസമയം ദുരന്തമുഖത്തുള്ള ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യ ആരംഭിച്ച ഓപ്പറേഷൻ സാഗർ ബന്ധുവിന്റെ ഭാഗമായി ഇന്ത്യൻ നേവി എയർക്രാഫ്റ്ററായ ഐഎൻഎസ് വിക്രാന്തും ഐഎൻഎസ് ഉദയഗിരിയും ചരക്കുകളുമായി ശ്രീലങ്കൻ തീരത്തെത്തി. ശ്രീലങ്കയുടെ പടിഞ്ഞാറൻ പ്രവിശ്യയിൽ കേലാനി, അട്ടനാഗലു നദികളിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് ശ്രീലങ്കൻ അധികൃതർ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഇന്ത്യ സഹായം എത്തിക്കാൻ തീരുമാനിച്ചത്.

കൊളംബോ കൂടാതെ ഏറ്റവും കൂടുതൽ ജനവാസമുള്ള ഗംപാഹ ജില്ലയും കടുത്ത ഭീഷണിയിലാണ്. പലയിടങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നുണ്ട്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ എൺപത് പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. കണക്കുകൾ പ്രകാരം 34 പേരെ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ കാണാതായിട്ടുണ്ട്. രക്ഷാപ്രവർത്തനം ശക്തമായി തുടരുകയാണ്. 44, 192 കുടുംബങ്ങളിലെ 1,48,603 പേരെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. ഏകദേശം 5,024 കുടുംബങ്ങളിൽ നിന്നുള്ള 14,000ത്തോളം പേരെ 195ഓളം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. ആയിരക്കണക്കിന് വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നിട്ടുണ്ട്. കനത്ത മഴയിൽ രാജ്യത്തിന്റെ പല പ്രദേശങ്ങളിലും എത്തിപ്പെടാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.