Home » Top News » Kerala » നാട്ടിലെ അനാചാരങ്ങൾക്കെതിരെ കുഞ്ഞാവയുടെ പാട്ട്, ‘വാവ റാപ്പ്’ വൈറൽ
Screenshot_20251129_081048

പ്രസവാനന്തര ശുശ്രൂഷ പല നാട്ടിൽ പലവിധമാണ്. പ്രസവത്തിന് ശേഷം പരമ്പരാഗത രീതിയിലുള്ള ആരോഗ്യ പരിരക്ഷ തെരഞ്ഞെടുക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും. എന്നാൽ ഇങ്ങനെ നല്ല ഉദ്ദേശ്യത്തിൽ ചെയ്യുന്ന പലതും നവജാത ശിശുവിന് ആപത്കാരമാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഒരു ബോധവൽക്കരണ വീഡിയോ. ‘വാവ റാപ്പ്’ എന്ന ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഉള്ളടക്കവും അതിനെ പരിചരിച്ച വിധവുമാണ് ഈ ബോധവൽക്കരണ വീഡിയോയെ ട്രെൻഡിങ്ങാക്കിയത്. എഐ സഹായത്താൽ ആണ് ദൃശ്യവൽക്കരണം. നവജാത ശിശുക്കള്‍ക്ക് എന്തൊക്കെ ഭക്ഷിക്കാൻ നൽകാം നൽകരുത് എന്നിങ്ങനെയുള്ള കാര്യങ്ങൾ വിശദീകരിക്കുന്നതാണ് വരികൾ. സംഗീതം റാപ്പ് ശൈലിയിലും.

ആറുമാസം വരെ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ മാത്രം നൽകണം. ജനനസമയത്ത് ചില ഔഷധസസ്യങ്ങൾ, സ്വർണം, തേൻ, ഈത്തപ്പഴം തുടങ്ങിയവ നൽകുന്നത് വ്യാപകമാണ്. ഇവയ്ക്ക് യാതൊരു ഗുണവുമില്ലെന്ന് മാത്രമല്ല, കുഞ്ഞുങ്ങൾക്ക് ദോഷം വരുത്തുന്നുവെന്നും റാപ്പിൽ പറയുന്നു. എണ്ണ തേപ്പിച്ചുള്ള കുളി ആണ് അടുത്ത വിഷയം. കുഞ്ഞുങ്ങളെ എണ്ണ തേപ്പിച്ച് കുളിപ്പിക്കുന്നത് പരമ്പരാഗതമായി പിന്തുടർന്ന രീതിയാണ്. എന്നാൽ ചിലപ്പോഴൊക്ക, കുഞ്ഞിനെ ആവശ്യമുള്ള രൂപത്തിൽ വാർത്തെടുക്കുക എന്ന ഉദ്ദേശ്യത്തോടെ എണ്ണ തേപ്പിച്ചെടുക്കാറുണ്ട്. ഇത് ശിശുക്കളുടെ എല്ലുകൾ ഒടിയാനിടയാക്കും. കാജലും ടാൽക്കം പൗഡറും പുരട്ടുന്നത് കുഞ്ഞുങ്ങൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നും ഈ വീഡിയോയിൽ ചൂണ്ടിക്കാട്ടുന്നു. ഇതൊക്കെ പറയുന്നത് മറ്റാരുമല്ല – കുഞ്ഞാവ തന്നെ, എഐ കുഞ്ഞാവ! ഇത് വീഡിയോയെ ആസ്വാദ്യമാക്കുന്നു.

തോമസ് രഞ്ജിത്ത് ആണ് ഈ വാവ റാപ്പ് എഴുതിയിരിക്കുന്നത്. റെക്കോർഡഡ് ബൈ: ലാൽകൃഷ്ണ, ഓസ്റ്റിൻ അലക്സ്, പ്രോഗ്രാംഡ് ബൈ: സന്ദീപ് സഞ്ജീവ, ഡബ്ബ് ചെയ്തത്: നിഖില സോമൻ, സിന്ധു വി. മേനോൻ, ജിന്റു രാജ്, തോമസ് രഞ്ജിത്, ആലാപനം: വിഷ്ണുദത്ത് സന്തോഷ്, വാസുദേവ്, നില ആർ, സാത്വിക ശ്രീകാന്ത്, ദൃശ്യവൽക്കരിച്ചത്: എലിഫന്റ് ടെയിൽസ്. പാരന്റിംഗ് അക്കാദമിയും സിമാർ – ദി വിമൻസ് ഹോസ്പിറ്റലും ചേർന്നാണ് ഈ വീഡിയോ പുറത്തിറക്കിയത്.