Home » Top News » Top News » ഡമ്മി ബാലറ്റില്‍ മറ്റ് സ്ഥാനാര്‍ഥികളുടെ പേരോ ചിഹ്നമോ പാടില്ല
images - 2025-11-25T182459.095

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്ഥാനാര്‍ഥികളോ രാഷ്ട്രീയകക്ഷികളോ ഡമ്മി ബാലറ്റ് യൂണിറ്റും ബാലറ്റ് പേപ്പറും ഉപയോഗിക്കുമ്പോള്‍ നിബന്ധന കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ നിര്‍ദേശിച്ചു.

യഥാര്‍ഥ ബാലറ്റ് യൂണിറ്റിന്റെ പകുതി വലുപ്പമുള്ളതും തടിയിലോ പ്ലൈവുഡിലോ നിര്‍മ്മിച്ചതുമായ ഡമ്മി ബാലറ്റ് യൂണിറ്റ് ഉപയോഗിക്കാം. എന്നാല്‍ യഥാര്‍ഥ ബാലറ്റ് യൂണിറ്റിന്റെ നിറത്തിലാകുവാന്‍ പാടില്ല.

പ്രചരണത്തിനായി ഡമ്മി ബാലറ്റ് പേപ്പര്‍ അച്ചടിക്കുന്നതിലും തടസമില്ല. എന്നാല്‍ ഡമ്മി ബാലറ്റ് പേപ്പറിന് വലിപ്പത്തിലും നിറത്തിലും അസല്‍ ബാലറ്റ് പേപ്പറിനോട് സാമ്യം ഉണ്ടാകാന്‍ പാടില്ല. പിങ്ക്, വെള്ള, നീല എന്നീ നിറങ്ങളൊഴിച്ച് തവിട്ട്, മഞ്ഞ, പച്ച എന്നിങ്ങനെ ഏതു നിറത്തിലും ഡമ്മി ബാലറ്റ് പേപ്പര്‍ അച്ചടിക്കാം.

ഒരു സ്ഥാനാര്‍ഥി ഡമ്മി ബാലറ്റ് പേപ്പര്‍ അച്ചടിക്കുമ്പോള്‍ അതില്‍ മറ്റ് സ്ഥാനാര്‍ഥികളുടെ പേരോ ചിഹ്നമോ ഉണ്ടാകരുത്. തന്റെ പേര്, ബാലറ്റ് പേപ്പറില്‍ എവിടെ വരുന്നുവെന്ന് സൂചിപ്പിക്കാന്‍ സ്വന്തം പേരും ചിഹ്നവും ഡമ്മി ബാലറ്റ് പേപ്പറില്‍ അച്ചടിക്കാം. മുഴുവന്‍ സ്ഥാനാര്‍ഥികളുടേയും ക്രമനമ്പറും ഡമ്മി ബാലറ്റ് പേപ്പറില്‍ അച്ചടിക്കാം.