തിരുവനന്തപുരം, നവംബർ 27, 2025: നഗരങ്ങളിൽ വനവൽക്കരണം പ്രോത്സാഹിപ്പിക്കാനും താപനില കുറയ്ക്കാനും സഹായിക്കുന്ന മിയാവാക്കി മാതൃകയിലുള്ള സൂക്ഷ്മ വനം തിരുവനന്തപുരം കിംസ്ഹെൽത്ത് ആശുപത്രിയിലും ഒരുങ്ങുന്നു. ആദ്യ ഘട്ടത്തിൽ എൺപതോളം ഫലവൃക്ഷത്തൈകൾ നട്ടു.
ജൈവ ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിനായി, ഭാവിയിൽ ആശുപത്രിയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ സൂക്ഷ്മ വനങ്ങൾ ഒരുക്കി നിശ്ചിത സ്ഥലങ്ങളെ ഗ്രീൻ സോണുകളാക്കി മാറ്റാനാണ് കിംസ്ഹെൽത്ത് ലക്ഷ്യമിടുന്നത്. ആശുപത്രിയിൽ എത്തുന്ന രോഗികളുടെയും ജീവനക്കാരുടെയും മാനസികാരോഗ്യ രൂപീകരണത്തിൽ ചുറ്റുപാടുകൾക്ക് നിർണായക പങ്കുണ്ടെന്നും പച്ചപ്പ് നിറഞ്ഞൊരു ചുറ്റുപാട് ആരോഗ്യകരമായ ഒരന്തരീക്ഷം സൃഷ്ടിക്കുമെന്നും കിംസ്ഹെൽത്ത് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള പറഞ്ഞു. പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ, വനവല്‍ക്കരണത്തെ കുറിച്ചുള്ള ബോധവല്‍ക്കരണം കൂടി ലക്ഷ്യമിട്ടാണ് ഈ കുഞ്ഞു വനം ഒരുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കിംസ്ഹെൽത്ത് സഹസ്ഥാപകൻ ഇ.എം. നജീബ്, കിംസ്ഹെൽത്ത് സിഇഒ ജെറി ഫിലിപ്പ്, സ്‌പൈസ് റിട്രീറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ടി എം ബിജു, യൂണിസൻ കൺസൽട്ടൻസി മാനേജിങ് ഡയറക്ടർ കബീർ ബി. ഹാറൂൺ എന്നിവരും ചടങ്ങിന്റെ ഭാഗമായി.
Photo Caption: കിംസ്ഹെൽത്ത് ആശുപത്രി വളപ്പിൽ മിയാവാക്കി മാതൃകയിലുള്ള സൂക്ഷ്മ വനം ഒരുക്കുന്നതിന്റെ ഭാഗമായി മരം നടുന്ന കിംസ്ഹെൽത്ത് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള. കിംസ്ഹെൽത്ത് സഹസ്ഥാപകൻ ഇ.എം. നജീബ്, സിഇഒ ജെറി ഫിലിപ്പ്, സ്‌പൈസ് റിട്രീറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ടി എം ബിജു, യൂണിസൻ കൺസൽട്ടൻസി മാനേജിങ് ഡയറക്ടർ കബീർ ബി. ഹാറൂൺ എന്നിവർ സമീപം.
