ലോക ഫുട്ബോളിലെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും അദ്ദേഹത്തിൻ്റെ ദീർഘകാല പങ്കാളി ജോർജിന റോഡ്രിഗസും തമ്മിലുള്ള വിവാഹത്തിന് വേദിയായി റൊണാൾഡോയുടെ ജന്മനാട്. 2026-ലെ ഫിഫ ലോകകപ്പിന് ശേഷം അടുത്ത വേനൽക്കാലത്ത് ഇരുവരും വിവാഹിതരാകുമെന്നാണ് റിപ്പോർട്ട്.
ഒമ്പത് വർഷത്തെ പ്രണയബന്ധത്തിന് ശേഷം ഈ വർഷം ഓഗസ്റ്റിലാണ് ഇരുവരും വിവാഹനിശ്ചയം നടത്തിയത്. പോർച്ചുഗലിലെ മദീര ദ്വീപിലാണ് വിവാഹവേദി ഒരുങ്ങുന്നത്. ദ്വീപിലെ ഏറ്റവും പഴക്കമേറിയതും ചരിത്രപ്രധാനവുമായ ആരാധനാലയമായ ഫഞ്ചലിലെ കത്തീഡ്രലിൽ വെച്ചായിരിക്കും താരം തൻ്റെ ജീവിതത്തിലെ പുതിയ അധ്യായം ആരംഭിക്കുക എന്ന് ‘ദി സൺ’ റിപ്പോർട്ട് ചെയ്യുന്നു. 511 വർഷം പഴക്കമുള്ള ചരിത്രപരമായ സ്ഥലമാണിത്.
റയൽ മാഡ്രിഡ് ഇതിഹാസമായിരുന്ന സമയത്ത് 2016-ലാണ് റൊണാൾഡോ ജോർജിന റോഡ്രിഗസിനെ ആദ്യമായി കാണുന്നത്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. കൂടാതെ, രണ്ട് വാടക അമ്മമാർക്ക് ജനിച്ച മൂന്ന് കുട്ടികളും റൊണാൾഡോയ്ക്കുണ്ട്. വിവാഹനിശ്ചയം വൈകിയതിനെക്കുറിച്ച് പിയേഴ്സ് മോർഗനുമായുള്ള അഭിമുഖത്തിൽ റൊണാൾഡോ മനസ്സുതുറന്നിരുന്നു..
“ഞാൻ എപ്പോഴും നല്ല കാര്യങ്ങൾ ശരിയായ സമയത്ത് വരുമെന്ന് വിശ്വസിക്കുന്നു. ചിലപ്പോൾ കാര്യങ്ങൾ മനസ്സിലാക്കാൻ നിങ്ങൾക്ക് സമയം ആവശ്യമാണ്, അപ്പോൾ നിങ്ങൾ തെറ്റുകൾ ചെയ്യുന്നതിൽ നിന്ന് ഒഴിവാകും. വിവാഹം ഒരു നല്ല നിമിഷമാണെന്ന് ഞാൻ കരുതുന്നു, കാരണം അവൾ എൻ്റെ കുട്ടികളുടെ അമ്മയായതുകൊണ്ട് മാത്രമല്ല, ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന വ്യക്തിയാണ് അവൾ.” ജോർജിന എൻ്റെ ജീവിതത്തിലെ പ്രണയമാണ്. അതുകൊണ്ട് ഇതാണ് ശരിയായ നിമിഷം. നമ്മൾ വിവാഹിതരാകുന്നു എന്നതുകൊണ്ട് മാത്രം ഒന്നും മാറില്ല. ഇത് ജീവിതത്തിലെ മനോഹരമായ ഒരു അധ്യായം മാത്രമാണ്.
