Home » Top News » Kerala » 300 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴ; പ്രളയത്തിൽ മുങ്ങി തായ്‌ലൻഡ്
e9da5c7622b00836595e3ea0eae5bbe749702172335412f70ee748e25cd7824d.0

പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും വലിയ പ്രളയത്തിൽ മുങ്ങി തായ്‌ലൻഡ്. തെക്കൻ തായ്‌ലൻഡിലെ പത്തോളം പ്രവിശ്യകളിലുണ്ടായ രൂക്ഷമായ വെള്ളപ്പൊക്കത്തിൽ ഇതുവരെ 33 പേർ മരിച്ചതായി റിപ്പോർട്ട്. സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ രക്ഷാപ്രവർത്തനത്തിനായി സൈനിക കപ്പലുകളും ഹെലികോപ്റ്ററുകളും വിന്യസിച്ചു.

മലേഷ്യൻ അതിർത്തിയോട് ചേർന്നുള്ള പ്രധാന വാണിജ്യ നഗരമായ ഹാറ്റ് യായിയിൽ 300 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. ഒറ്റ ദിവസം കൊണ്ട് 335 മില്ലിമീറ്റർ മഴയാണ് ഇവിടെ പെയ്തിറങ്ങിയത്. നഗരത്തിലെ പ്രധാന തെരുവുകളും വീടുകളും വെള്ളത്തിനടിയിലായി. വീടുകളുടെ മേൽക്കൂരകളിൽ അഭയം തേടിയിരിക്കുകയാണ് നൂറുകണക്കിന് ആളുകൾ.

രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കാൻ തായ് നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ‘ചക്രി നരുബെറ്റ്’ (Chakri Naruebet) ദുരന്തബാധിത മേഖലകളിലേക്ക് പുറപ്പെട്ടു. ഭക്ഷണം, മരുന്ന്, വ്യോമ സഹായം എന്നിവ എത്തിക്കുകയാണ് ലക്ഷ്യം. ആവശ്യമെങ്കിൽ കപ്പലിലെ മെഡിക്കൽ സൗകര്യങ്ങൾ ഉപയോഗിച്ച് ഇതിനെ ഒരു ‘ഫ്ലോട്ടിംഗ് ആശുപത്രി’യായി മാറ്റുമെന്ന് നാവികസേന അറിയിച്ചു.

നിലവിൽ 20 ഹെലികോപ്റ്ററുകളും 200 ബോട്ടുകളും രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയിട്ടുണ്ടെങ്കിലും, കുടുങ്ങിക്കിടക്കുന്നവരിലേക്ക് എത്തിച്ചേരാൻ സാധിക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് സർക്കാർ വക്താവ് സിരിപോങ് അങ്കസകുൽകിയാറ്റ് വ്യക്തമാക്കി.

നാശം പേമാരി അയൽരാജ്യങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. ഇന്തോനേഷ്യയിലെ വടക്കൻ സുമാത്രയിലുണ്ടായ മണ്ണിടിച്ചിലിൽ 19 പേർ കൊല്ലപ്പെടുകയും നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങുകയും ചെയ്തു. മലേഷ്യയിൽ എട്ട് സംസ്ഥാനങ്ങളെ വെള്ളപ്പൊക്കം ബാധിച്ചപ്പോൾ ഒരാളുടെ മരണം സ്ഥിരീകരിച്ചു.