Home » Top News » Kerala » സ്വർണം പൂശിയ ത്രിശൂലം സമ്മാനം! യോഗിയെ കാണാൻ എത്തി ബാലയ്യയും താണ്ഡവം സംഘവും
newsmalayalam_2025-11-24_jz2caduq_nandamuri-balakirshna-yogi-adithyanath

അഖണ്ഡ 2: താണ്ഡവം’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണയും സിനിമയുടെ അണിയറപ്രവർത്തകരും കൂടിക്കാഴ്ച നടത്തി. ലഖ്നൗവിലെ യോഗിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിക്ക് ബാലയ്യയും സംഘവും സ്വർണം പൂശിയ ത്രിശൂലവും ദൈവ വിഗ്രഹവും സമ്മാനമായി നൽകി.

2014 മുതൽ ഹിന്ദുപൂർ നിയോജകമണ്ഡലത്തിൽ നിന്ന് ആന്ധ്രപ്രദേശ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗമാണ് ബാലകൃഷ്ണ. നടന് ഒപ്പം ‘അഖണ്ഡ 2’ നായിക സംയുക്ത മേനോൻ, സംവിധായകൻ ബോയപതി ശ്രീനു എന്നിവരും യുപി മുഖ്യമന്ത്രിയെ കാണാൻ എത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് ‘അഖണ്ഡ 2: താണ്ഡവം’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നത്. തമൻ എസ് ചിട്ടപ്പെടുത്തിയ മാസ് പശ്ചാത്തല സംഗീതത്തിൽ പവർപാക്ക്ഡ് ട്രെയ്‌ലർ ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. സനാതന ഹൈന്ദവ ധർമം, സർജിക്കൽ സ്ട്രൈക്ക് എന്നിങ്ങനെ മതവും രാഷ്ട്രീയവും ദേശീയതയും കൂടിക്കുഴഞ്ഞ വിധമാണ് ട്രെയ്‌ലറിലെ ബാലയ്യയുടെ സംഭാഷണങ്ങൾ.

2025 ഡിസംബർ അഞ്ചിനാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ബോയപതി ശ്രീനു – നന്ദമൂരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമായ ‘അഖണ്ഡ 2: താണ്ഡവം’, ഇവരുടെ മുൻ ചിത്രമായ ‘അഖണ്ഡ’യുടെ തുടർച്ച ആയാണ് അവതരിപ്പിക്കുന്നത്. 14 റീൽസ് പ്ലസ് ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. മലയാളി താരം സംയുക്ത മേനോൻ ആണ് സിനിമയിലെ നായിക.

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *