ഇന്ത്യൻ വാഹന വിപണിയിലെ ജനപ്രിയ കോംപാക്ട് എസ്‌യുവി മോഡലായ മാരുതി സുസുക്കി ബ്രെസ 2025-ലും ശക്തമായ കുതിപ്പ് തുടർന്നു. 2025 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള 10 മാസ കാലയളവിൽ ബ്രെസയുടെ വിൽപ്പന 1,43,660 യൂണിറ്റുകൾ കടന്നു.
ഈ കാലയളവിൽ, ഏപ്രിലിൽ മാത്രം ഏകദേശം 17,000 ഉപഭോക്താക്കളെയാണ് ബ്രെസ നേടിയെടുത്തത്. കിയ സോണെറ്റ്, ടാറ്റ നെക്‌സോൺ, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV 3X0 തുടങ്ങിയ പ്രമുഖ മോഡലുകളുമായി മത്സരിക്കുന്ന ബ്രെസ, വിൽപ്പനയുടെ കാര്യത്തിൽ മുൻനിരയിൽത്തന്നെ തുടരുകയാണ്. ഈ വർഷത്തെ മൊത്തം വിൽപ്പന 1,80,000 യൂണിറ്റിൽ എത്തുമെന്നാണ് വിപണി വിദഗ്ധർ പ്രതീക്ഷിക്കുന്നത്.
മാരുതി സുസുക്കി ബ്രെസയുടെ വിജയത്തിന് പിന്നിലെ പ്രധാന ഘടകം അതിൻ്റെ ശക്തമായ പവർട്രെയിൻ ഓപ്ഷനാണ്.1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ബ്രെസക്ക് കരുത്തേകുന്നത്. ഈ എഞ്ചിൻ 101 bhp പരമാവധി പവറും 136 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു.
ഈ എഞ്ചിൻ 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. കൂടാതെ, മാരുതി സുസുക്കി ബ്രെസ സി.എൻ.ജി (CNG) പവർട്രെയിൻ ഓപ്ഷനും ഉപഭോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നുണ്ട്. അടുത്ത വർഷം, 2026-ൽ ബ്രെസയുടെ ഒരു പുതുക്കിയ പതിപ്പ് അവതരിപ്പിക്കാൻ കമ്പനി തയ്യാറെടുക്കുന്നതായും റിപ്പോർട്ടുകളുണ്ട്
