New-Project-23-680x450.jpg

ക്രിക്കറ്റ് താരമാകുന്നതിന് മുമ്പ് തന്റെ ജീവിതം വലിയ ദാരിദ്ര്യത്തിലായിരുന്നു എന്ന് തുറന്നു പറഞ്ഞ് ബംഗ്ലാദേശ് താരം മറൂഫ അക്തർ. വനിതാ ലോകകപ്പിൽ അമ്പരപ്പിക്കുന്ന പെർഫോമൻസ് കാഴ്ചവെക്കുന്നതിനിടെയാണ് താരം തന്റെ പൂർവകാല ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. താൻ അനുഭവിച്ച ദാരിദ്ര്യത്തിന്റെ വ്യാപ്തി വിശദീകരിക്കുന്ന മറൂഫയുടെ വീഡിയോ സൈബറിടങ്ങളിൽ വൈറലാണ്. പലപ്പോഴും വിങ്ങിക്കരഞ്ഞാണ് ബംഗ്ലാദേശ് പേസർ വീഡിയോയിൽ സംസാരിക്കുന്നത്.

സാമ്പത്തിക പരാധീനതകൾ ഉണ്ടായിരുന്നതിനാൽ തന്റെ കുടുംബത്തെ ആരും വിവാഹത്തിന് പോലും ക്ഷണിക്കാറില്ലായിരുന്നു എന്നും മറൂഫ പറയുന്നു. ‘‘വിവാഹം പോലുള്ള ഒത്തുചേരലുകൾക്കൊന്നും അവർ ഞങ്ങളെ വിളിക്കാറില്ല. ഞങ്ങൾക്കു നല്ല വസ്ത്രങ്ങളൊന്നും ഇല്ലാത്തതുകൊണ്ടാണെന്നു പറയും. അവിടെയൊക്കെ പോയാൽ ഞങ്ങൾക്ക് ഉള്ള വില കൂടി നഷ്ടമാകും. അങ്ങനെയാണ് അവർ പറയുക. പെരുന്നാളിന് പോലും പുതിയ വസ്ത്രങ്ങൾ വാങ്ങാൻ സാധിക്കാത്ത സമയമുണ്ടായിരുന്നു. എന്റെ പിതാവ് കർഷകനാണ്, കൈവശം ആവശ്യത്തിനു പണമുണ്ടാകില്ല. ഗ്രാമത്തിലെ ആളുകളും പിന്തുണയ്ക്കില്ല.’

‘‘ഇപ്പോഴുള്ള അവസ്ഥയിലേക്കു ഞങ്ങളെത്തിയിട്ട് അധികകാലമായിട്ടില്ല. പല ആൺകുട്ടികൾക്കും ചെയ്യാൻ സാധിക്കാത്തതുപോലെ ഞാനിപ്പോൾ എന്റെ വീട്ടുകാരെ നോക്കുന്നുണ്ട്. അക്കാര്യത്തിൽ എനിക്ക് സമാധാനമുണ്ട്. ആളുകൾ എന്നെ ആരാധനയോടെ നോക്കുമ്പോൾ ഇപ്പോൾ എനിക്ക് അദ്ഭുതമാണ്. ടിവിയിൽ എന്നെ കാണുമ്പോൾ നാണം വരും.’’– മറൂഫ പറഞ്ഞു.

ഒരുകാലത്ത് തന്റെ പിതാവിനെ കൃഷിയിൽ സഹായിച്ച് കഴിഞ്ഞിരുന്ന മറൂഫ ഇന്ന് ക്രിക്കറ്റ് ലോകത്തെ വലിയ ശ്രദ്ധാകേന്ദ്രമാണ്. പാകിസ്ഥാനെതിരായ ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിൽ ഏഴോവറുകൾ പന്തെറിഞ്ഞ മറൂഫ 31 റൺസ് വഴങ്ങി രണ്ടു വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ബംഗ്ലദേശ് ഏഴു വിക്കറ്റിനു വിജയിച്ച മത്സരത്തിലെ പ്ലേയർ ഓഫ് ദ് മാച്ച് മറൂഫ ആയിരുന്നു. ഇതിഹാസ താരം ലസിത് മലിംഗ പോലുള്ള പേസർമാരും താരത്തെ പ്രശംസിച്ച് രം​ഗത്തെത്തിയിരുന്നു. ഇതിനിടെയാണ് താരം തന്റെ ദാരിദ്ര്യം നിറഞ്ഞ പഴയകാല ജീവിതത്തെ ജീവിതത്തെക്കുറിച്ച് തുറന്നു സംസാരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *