തമിഴ് നടൻ ധനുഷും ബോളിവുഡ് താരം മൃണാൾ താക്കൂറും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് ധനുഷ് കമന്റ് ചെയ്തതിന് പിന്നാലെയാണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ ചർച്ച ആരംഭിച്ചത്. ഓഗസ്റ്റിൽ നടന്ന ഒരു സിനിമാ പ്രീമയറിൽ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങളാണ് ഇത്തരം അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്. എന്നാൽ , ഈ കമന്റിന് പിന്നിൽ പ്രണയമല്ലെന്നും ട്വിസ്റ്റുണ്ടെന്നും ചൂണ്ടിക്കാട്ടുകയാണ് ധനുഷ് ആരാധകർ.
അടുത്തിടെയാണ്, സിദ്ധാർഥ് ചതുർവേദിക്കൊപ്പം അഭിനയിക്കുന്ന ‘ദോ ദീവാനെ ശെഹർ മേം’ എന്ന സിനിമ മൃണാൽ താക്കൂർ അനൗണ്‍സ് ചെയ്തത്. അനുരാഗ് സൈകിയ ഒരുക്കിയ ചിത്രത്തിന്റെ തീം മ്യൂസിക് ഉൾക്കൊള്ളുന്ന ഒരു ചെറിയ ടീസർ നടി പങ്കുവച്ചിരുന്നു. ഈ പോസ്റ്റിന് താഴെ ധനുഷ് കമന്റ് ചെയ്തതാണ് നെറ്റിസണ്‍സിന്റെ ശ്രദ്ധപിടിച്ചുപറ്റിയത്.
ലുക്സ് ആൻഡ് സൗണ്ട്സ് ഗുഡ്,’ എന്നാണ് ധനുഷ് കുറിച്ചത്. ഹൃദയത്തിന്റെയും സൂര്യകാന്തിയുടെയും ഇമോജികളുമായി മൃണാൾ മറുപടിയും നൽകി. ഈ കമന്റുകളുടെ സ്ക്രീൻഷോട്ടുകൾ അതിവേഗം ഇന്റർനെറ്റിൽ പ്രചരിച്ചു. തലൈവൻ, തലൈവി എന്ന് കുറിച്ചുകൊണ്ടാണ് ചിലർ ഈ സ്ക്രീൻഷോട്ടുകൾ എക്സിൽ പങ്കുവച്ചത്. പരസ്പരം പിന്തുണയ്ക്കുന്ന രണ്ട് അഭിനേതാക്കളെ പ്രണയത്തിലാക്കിയിട്ട് എന്താണെന്ന് പ്രതികരിക്കുന്നവരേയും ഓൺലൈൻ ഇടങ്ങളില്‍ കാണാം. ഈ വർഷം ആദ്യം നടന്ന ‘സൺ ഓഫ് സർദാർ 2’ പ്രീമിയറിൽ കണ്ടുമുട്ടിയ ഇരുവരും ആലിംഗനം ചെയ്യുന്ന ചിത്രങ്ങള്‍ പ്രചരിച്ചതാണ് ഡേറ്റിങ് അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്. ധനുഷിന്റെ കമന്റ് ഈ കിംവദന്തിക്ക് ആക്കം കൂട്ടി.
എന്നാൽ രസകരമായ സംഗതി, മൃണാൽ പങ്കുവച്ച ടീസറിലെ പശ്ചാത്തല സംഗീതമാണ്. ധനുഷും ശ്രുതി ഹാസനും പ്രധാന വേഷങ്ങളിൽ എത്തിയ ‘ത്രീ’ എന്ന ചിത്രത്തിലെ സംഗീതവുമായി ടീസറിലെ ബിജിഎമ്മിന് സാമ്യമുണ്ട്. 2012ൽ ഇറങ്ങിയ ഈ തമിഴ് ചിത്രത്തിന് അനിരുദ്ധ് രവിചന്ദർ ആണ് ഈണം നൽകിയത്. നടൻ ഇത് ചൂണ്ടിക്കാട്ടിയാണ് ‘സൗണ്ട്സ് ഗുഡ്’ എന്ന് കമന്റ് ചെയ്തത് എന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.
