Home » Top News » Kerala » ശ്രീകണ്ഠൻ അല്ല, രാഹുൽ ഗാന്ധി മത്സരിച്ചാലും 50-ാം വാർഡിൽ ബിജെപി ജയിക്കും: പ്രശാന്ത് ശിവൻ
Screenshot_20251124_143619

 

നഗരസഭയിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥിയെ പണം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാൻ ശ്രമിച്ചു എന്ന കോൺഗ്രസ് ആരോപണത്തിൽ വിശദീകരണവുമായി ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ. കോൺഗ്രസിനുള്ളിലെ ആഭ്യന്തരപ്രശ്‌നങ്ങൾ മറച്ചുവെക്കാനുള്ള ശ്രമമാണ് ഈ ആരോപണത്തിനു പിന്നിലെന്നും, പാലക്കാട് പരാജയഭീതിയിൽ കോൺഗ്രസ് വെപ്രാളം കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും പ്രശാന്ത് ശിവൻ വ്യക്തമാക്കി.

50-ാം വാർഡിൽ ബിജെപി ജയിക്കും

നഗരസഭയിലെ 50-ാം വാർഡിൽ ബിജെപിക്ക് ആരെയും സ്വാധീനിക്കേണ്ട ആവശ്യമില്ല. അവിടെ യുഡിഎഫും എൽഡിഎഫും ചേർന്നു നിന്നാൽപോലും അവർക്ക് 100 വോട്ട് കിട്ടില്ല. “ശ്രീകണ്ഠൻ അല്ല, രാഹുൽ ഗാന്ധി മത്സരിച്ചാലും 50-ാം വാർഡിൽ ബിജെപി ജയിക്കും,” പ്രശാന്ത് ശിവൻ വെല്ലുവിളിച്ചു. ബിജെപി കൗൺസിലർമാരും സ്ഥാനാർത്ഥികളും പോയത് വോട്ട് ചോദിക്കാൻ മാത്രമാണെന്നും ജയലക്ഷ്മിയുടെ വാർഡിലാണ് ആ വീടെന്നും അദ്ദേഹം വിശദീകരിച്ചു.,

സ്ഥാനാർത്ഥിയെ സ്വാധീനിക്കാൻ ശ്രമിച്ചതിൻ്റെ തെളിവുകൾ പുറത്ത് വിടാൻ പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠനെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. രാഹുൽ മാങ്കൂട്ടത്തിൽ പ്രചാരണത്തിന് ഇറങ്ങുന്നതിൻ്റെ ജാള്യത മറച്ചുവെക്കാനായി കോൺഗ്രസ് പല ശ്രമങ്ങൾ നടത്തുകയാണെന്നും പ്രശാന്ത് ശിവൻ ആരോപിച്ചു.

കോൺഗ്രസിൻ്റെ പരാതി

നഗരസഭയിലേക്ക് 50-ാം വാർഡിൽ നിന്നും മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥി കെ. രമേശിൻ്റെ സ്ഥാനാർത്ഥിത്വം പിൻവലിപ്പിക്കാൻ ബിജെപി ശ്രമിച്ചെന്നും ഇതിനായി പണം വാഗ്ദാനം ചെയ്തുവെന്നുമായിരുന്നു കോൺഗ്രസിൻ്റെ പരാതി. നിലവിലെ കൗൺസിലറും സ്ഥാനാർത്ഥിയും ഉൾപ്പടെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് സ്ഥാനാർത്ഥിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് വി.കെ ശ്രീകണ്ഠൻ എം.പി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *