ശബരിമലയിലെ സ്വര്‍ണ്ണപ്പാളി മോഷണക്കേസില്‍ പ്രതികളുടെ അറസ്റ്റ് നടപടികളിലേക്ക് കടക്കും മുമ്പ് തെളിവുകള്‍ പൂര്‍ണ്ണമായും ശേഖരിക്കാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. കേസിന്റെ വിവരങ്ങള്‍ തേടുന്നതിനായി എസ്.ഐ.ടി രണ്ട് തവണയായി ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെത്തി വിജിലന്‍സ് എസ്.പി.യുമായി കൂടിക്കാഴ്ച നടത്തി. മോഷണവുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇടപാടുകളില്‍ സമഗ്രമായ അന്വേഷണം വേണമെന്ന ദേവസ്വം വിജിലന്‍സിന്റെ ശുപാർശ എസ്.പി. അന്വേഷണ സംഘത്തിന് മുന്നില്‍ വെച്ചിട്ടുണ്ട്.
തെളിവ് ശേഖരണത്തിന്റെ ഭാഗമായി ചെന്നൈയിലെ ‘സ്മാർട്ട് ക്രിയേഷൻസി’ൽ അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് നിർണ്ണായക വിവരങ്ങൾ ലഭിച്ചത്. ഇവരുടെ ഇടപാടുകളിൽ ദുരൂഹതയുണ്ടെന്ന് എസ്.ഐ.ടി. കണ്ടെത്തി. സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ. പങ്കജ് ഭണ്ഡാരി, ഹൈദരാബാദ് സ്വദേശി നാഗേഷ് എന്നിവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ നിർണ്ണായകമായ വിവരങ്ങൾ ലഭിച്ചതായാണ് സൂചന. തെളിവുകൾ പൂർണ്ണമാക്കിയ ശേഷം ഉടൻ തന്നെ അറസ്റ്റ് നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
