മലപ്പുറത്തെ ഒരു ഇരുനില കെട്ടിടത്തിൻ്റെ ടെറസിൽ നിന്ന് ഒരു മാസം പഴക്കമുള്ള മനുഷ്യൻ്റെ അസ്ഥികൂടം കണ്ടെത്തി. ഫ്ലെക്സ് ബോർഡുകൾ നീക്കം ചെയ്യാനെത്തിയ തൊഴിലാളികളാണ് അസ്ഥികൂടം കണ്ട് ലോക്കൽ പോലീസിൽ വിവരം അറിയിച്ചത്. വിവരം ലഭിച്ചതിനെത്തുടർന്ന് ലോക്കൽ പോലീസും ഫോറൻസിക് വിദഗ്ധരും ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തി. ടെറസിൽ കൂട്ടിയിട്ടിരുന്ന പഴയ വീട്ടുപകരണങ്ങൾക്കിടയിൽ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ. ഫോറൻസിക് വകുപ്പ് ഉദ്യോഗസ്ഥർ തെളിവുകൾ ശേഖരിച്ചു.
പോലീസിന്റെ പ്രാഥമിക കണ്ടെത്തലുകൾ പ്രകാരം അസ്ഥികൂടത്തിന് ഏകദേശം ഒരു മാസം പഴക്കമുണ്ടെന്ന് സൂചന ലഭിച്ചിട്ടുണ്ട്. എന്നാൽ മരിച്ചയാളെക്കുറിച്ചോ, മരണകാരണത്തെക്കുറിച്ചോ ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. അന്വേഷണത്തിൻ്റെ ഭാഗമായി, കെട്ടിടത്തിൽ മുമ്പ് ഒരു തമിഴ്നാട് കുടുംബം താമസിച്ചിരുന്നതായി പോലീസ് കണ്ടെത്തി. ആ കുടുംബാംഗങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ ആരംഭിച്ചിട്ടുണ്ട്. നിലവിൽ തമിഴ്നാട്ടിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് ഈ കെട്ടിടത്തിൽ താമസിക്കുന്നത്. അവരെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
