ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുതിർന്ന രാഷ്ട്രീയ നേതാവുമായ എ പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ വെച്ച് നടന്ന വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച വൈകുന്നേരത്തോടെ തിരുവനന്തപുരത്ത് എത്തിച്ചേരാൻ പത്മകുമാറിനോട് എസ്ഐടി ആവശ്യപ്പെട്ടിരുന്നു. ആറന്മുളയിലെ വീട്ടിൽനിന്ന് രാവിലെ തന്നെ അദ്ദേഹം തലസ്ഥാനത്തേക്ക് യാത്ര തിരിച്ചിരുന്നു. ചോദ്യം ചെയ്യലിന് മുന്നോടിയായി ഔദ്യോഗിക നോട്ടീസുകളൊന്നും നൽകിയിരുന്നില്ല. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പത്മകുമാറിനെ ചോദ്യം ചെയ്യലിന് വിധേയനാക്കിയത്.
അതേസമയം എ പത്മകുമാറിനെതിരായ നിർണ്ണായക വിവരങ്ങൾ പുറത്ത്. കേസിൽ നേരത്തേ അറസ്റ്റിലായ പ്രതികളുടെ മൊഴികളെല്ലാം പത്മകുമാറിന് എതിരാണെന്നാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നൽകുന്ന സൂചന. മുൻ ദേവസ്വം ബോർഡ് അംഗമായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം കൊള്ളയടിക്കാൻ ഒത്താശ ചെയ്തത് പത്മകുമാർ ആണെന്നാണ് എസ്ഐടിയുടെ വിലയിരുത്തൽ. കൂടാതെ, പോറ്റിയും പത്മകുമാറും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിരുന്നതായും എസ്ഐടിക്ക് സൂചന ലഭിച്ചിട്ടുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം പത്മകുമാറിനെ അറസ്റ്റ് ചെയ്തത്.
