റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ഐപിഎൽ കന്നി കിരീടം ലഭിച്ചതിൻ്റെ ആഘോഷങ്ങൾക്കിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ദുരന്തത്തിൽ കുറ്റപത്രം തയ്യാറായി. തിക്കിലും തിരക്കിലുംപെട്ട് 11 പേർക്ക് ജീവൻ നഷ്ടമായ സംഭവത്തിൻ്റെ ഉത്തരവാദിത്വം പൂർണമായും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനാണെന്ന് കർണാടക സിഐഡി തയ്യാറാക്കിയ കുറ്റപത്രത്തിൽ പറയുന്നു.
2200 പേജുള്ള ഈ കുറ്റപത്രത്തിൽ, പരിപാടി സംഘടിപ്പിച്ച ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ DNAയ്ക്കും കെഎസ്സിഎയ്ക്കും (KSCA) കൂട്ടുത്തരവാദിത്തമുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. പരിപാടിയ്ക്ക് മുന്നോടിയായി മതിയായ മുന്നൊരുക്കങ്ങൾ നടത്തിയില്ലെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. അപകടത്തിൻ്റെ തെളിവുകളായി സിസിടിവി ദൃശ്യങ്ങളും ദൃക്‌സാക്ഷികളുടെ മൊഴികളും ഉണ്ടെന്നും സിഐഡി അറിയിച്ചു.
കഴിഞ്ഞ ജൂൺ നാലിന് വൈകുന്നേരമായിരുന്നു ആൾക്കൂട്ട ദുരന്തമുണ്ടായത്. പോലീസിന് നിയന്ത്രിക്കാവുന്നതിലും അപ്പുറം ആളുകൾ ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നിലേക്ക് ഇരച്ചെത്തിയതോടെയാണ് ആഘോഷം വലിയ ദുരന്തത്തിലേക്ക് വഴിമാറിയത്.
