Home » Top News » Kerala » പേര്യയ്ക് ആശ്വാസമായി കെഫോൺ കണക്ഷൻ
IMG-20251017-WA0003

വയനാട്, നവംബർ 19, 2025 : മൊബൈൽ നെറ്റ്‌വർക്ക് പോലും ലഭ്യമല്ലാത്തതിനാൽ ഒറ്റപ്പെട്ടുപോയ വയനാട് പേര്യ-34 നിവാസികൾക്ക് ആശ്വാസമായി കെഫോൺ കണക്ഷൻ. മുഖ്യമന്ത്രിയ്ക്ക് പേര്യ-34 നിവാസികൾ നൽകിയ അപേക്ഷയെത്തുടർന്നാണ് കെഫോൺ അധികൃതർ അടിയന്തരമായി ഇടപെട്ട് കണക്ഷൻ ലഭ്യമാക്കിയത്.

ഇന്റർനെറ്റിന്റെ അഭാവം മൂലം വിദ്യാഭ്യാസം, തൊഴിലവസരങ്ങൾ, അത്യാവശ്യ ആശയവിനിമയം തുടങ്ങിയ കാര്യങ്ങളിൽ ബുദ്ധിമുട്ടിയിരുന്ന പ്രദേശവാസികൾക്ക് അടിയന്തരമായി കെഫോൺ കണക്ഷനുകൾ ലഭ്യമായതോടെ ദീർഘകാലമായുള്ള പ്രശ്നത്തിന് പരിഹാരമായി.

ഇന്റർനെറ്റിന്റെ അഭാവം കുട്ടികളുടെ പഠനത്തെയും ദൈനംദിന ജീവിതത്തെയും സാരമായി ബാധിച്ചിരുന്നു. ഈ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള സംവിധാനങ്ങളാണ് നിലവിൽ നടപ്പിലാക്കിയിരിക്കുന്നത്. സമൂഹത്തിലെ ഒരു വ്യക്തിപോലും ഇന്റർനെറ്റിന്റെ പേരിൽ മാറ്റിനിർത്തപ്പെടരുതെന്ന ലക്ഷ്യത്തോടെയാണ് കെഫോൺ പ്രവർത്തിക്കുന്നതെന്ന് കെഫോണ്‍ മാനേജിങ് ഡയറക്ടർ ഡോ. സന്തോഷ് ബാബു ഐ.എ.എസ് (റിട്ട.) പറഞ്ഞു.

40 കുടുംബങ്ങൾ വസിക്കുന്ന ഈ പ്രദേശത്തെ 25 ഓളം വീടുകളിൽ കണക്ഷൻ നൽകി കഴിഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ വീടുകളിലേക്ക് കണക്ഷൻ വ്യാപിപ്പിക്കും. ഇന്റർനെറ്റ് എത്തിച്ചേരാൻ പ്രയാസമേറിയ ഇത്തരം മേഖലകളിൽ ഫൈബറുകൾ വിന്യസിക്കുന്നതിലൂടെ ഈ പ്രദേശത്തും സമീപപ്രദേശങ്ങളിലും മികച്ച ഇന്റർനെറ്റ് കണക്ഷനും അനുബന്ധ സേവനങ്ങളും ഉറപ്പാക്കാൻ സാധിക്കുമെന്നും അധികൃതർ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *