ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ ശൈത്യകാലം അതിന്റെ ശക്തി നേരത്തെ പ്രകടിപ്പിച്ചു തുടങ്ങിയിരിക്കുന്നു. നവംബർ മാസം പകുതിയെത്തിയപ്പോഴേക്കും ഉത്തരേന്ത്യയിലെ പല സ്ഥലങ്ങളിലും താപനില സാധാരണ നിലയേക്കാൾ 2°C മുതൽ 6°C വരെ താഴെയായി. രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി വിറയ്ക്കുമ്പോൾ, ദക്ഷിണേന്ത്യയിൽ കനത്ത മഴ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ് (IMD) എത്തിയിരിക്കുന്നു. ഈ വർഷത്തെ ശൈത്യകാലം നേരത്തെ എത്തുകയും, അത് ദീർഘനാൾ നീണ്ടുനിൽക്കുകയും ചെയ്യുമെന്നാണ് സൂചന.
ഈ സീസണിന്റെ തുടക്കം മുതൽ ഡൽഹിയിൽ അസാധാരണമായ തണുപ്പാണ് അനുഭവപ്പെടുന്നത്. നവംബർ 15 ന് ശേഷം താപനില 10°C-ൽ താഴെയായിരുന്നു. 11 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് നഗരത്തിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഡൽഹിയിൽ 8.7°C എന്ന ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി, ഇത് സാധാരണയേക്കാൾ 3.6°C കുറവാണ്. നവംബറിലെ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. ദേശീയ തലസ്ഥാനത്തെ മിക്ക പ്രദേശങ്ങളിലും രാത്രി താപനില 9°C നും 11°C നും ഇടയിലാണ്. തണുപ്പ് ഉത്തരേന്ത്യയിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല. പല മധ്യ, പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും ശീതതരംഗം അനുഭവപ്പെട്ടു.
മുംബൈയിലും അസാധാരണമായ തണുപ്പ് അനുഭവപ്പെട്ടു. സാന്താക്രൂസ് നിരീക്ഷണാലയത്തിൽ 17.4°C താപനില രേഖപ്പെടുത്തി. മധ്യ മഹാരാഷ്ട്രയുടെയും പടിഞ്ഞാറൻ മധ്യപ്രദേശിന്റെയും ചില ഭാഗങ്ങളിൽ ശീതതരംഗം മുതൽ കഠിനമായ ശീതതരംഗം വരെ റിപ്പോർട്ട് ചെയ്യപ്പെട്ടു. കൊങ്കൺ, ഗോവ, മധ്യ മഹാരാഷ്ട്ര, തെലങ്കാന, ജാർഖണ്ഡ്, ഛത്തീസ്ഗഢ്, ഒഡീഷ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കുറഞ്ഞ താപനില സാധാരണയേക്കാൾ അഞ്ച് ഡിഗ്രി വരെ താഴെയായി.
ഉത്തരേന്ത്യ തണുപ്പിൽ വിറയ്ക്കുമ്പോൾ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കനത്ത മഴക്കായി തയ്യാറെടുക്കുകയാണ്. നവംബർ 24 വരെ തമിഴ്‌നാട്ടിലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും കനത്ത മഴ പെയ്യുമെന്ന് IMD പ്രവചിച്ചു.
തമിഴ്‌നാട്, കേരളം, മാഹി, ആന്ധ്രാപ്രദേശിന്റെ തീരദേശം, റായലസീമ എന്നിവിടങ്ങളിൽ ഈ ആഴ്ചയുടെ ബാക്കി ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ ഉണ്ടാകുമെന്നുമാണ് നിരീക്ഷണങ്ങൾ.
