ബംഗ്ലാദേശ് വനിതാ ക്രിക്കറ്റിൽ നിലനിൽക്കുന്ന ആഭ്യന്തര വിവാദത്തിലേക്ക് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെ വലിച്ചിഴച്ച് ബംഗ്ലാദേശ് ക്യാപ്റ്റൻ നിഗർ സുൽത്താന ജോട്ടി. സഹതാരങ്ങളെ ഉപദ്രവിച്ചുവെന്ന തനിക്കെതിരായ ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞ നിഗർ സുൽത്താന, താൻ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ അല്ലെന്നും, കളിക്കാരെ ഉപദ്രവിക്കാൻ തനിക്ക് കഴിയില്ലെന്നും തുറന്നടിച്ചു.
നേരത്തെ, മുൻ ബംഗ്ലാദേശ് പേസറായ ജഹനാര ആലം, നിഗർ സുൽത്താനയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. നിഗർ സുൽത്താന യുവതാരങ്ങളോട് മോശമായി പെരുമാറുകയും അവരെ മർദ്ദിക്കുകയും ചെയ്തിരുന്നു എന്നായിരുന്നു ജഹനാര ആലത്തിന്റെ ആരോപണം.
ഈ ആരോപണങ്ങളോട് പ്രതികരിക്കുന്നതിനിടെയാണ് നിഗർ സുൽത്താന വിഷയം ഹർമൻപ്രീത് കൗറിലേക്ക് തിരിച്ചുവിട്ടത്. 2023-ൽ ബംഗ്ലാദേശിൽ നടന്ന ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ പുറത്തായതിന് പിന്നാലെ ഹർമൻപ്രീത് കൗർ ബാറ്റ് ഉപയോഗിച്ച് സ്റ്റമ്പ് അടിച്ചു തകർത്ത സംഭവം നിഗർ സുൽത്താന പരോക്ഷമായി പരാമർശിച്ചു.
“ഞാനെന്തിന് ആരെയെങ്കിലും അടിക്കണം? ഞാൻ എന്തിനാണ് ബാറ്റ് കൊണ്ട് സ്റ്റമ്പ് അടിച്ചുപൊട്ടിക്കുന്നത്? ഞാൻ ആരാ ഹർമൻപ്രീത് കൗറോ?”, എന്ന് അവർ ചോദിച്ചു. ബംഗ്ലാദേശ് ക്രിക്കറ്റിലെ ആഭ്യന്തര വിവാദത്തിലേക്ക് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ ഇന്ത്യൻ ക്യാപ്റ്റനെ വലിച്ചിഴച്ചത് വിഷയം കൂടുതൽ ചർച്ചയാകാൻ കാരണമായിട്ടുണ്ട്.
