സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് തിരക്കുകൾ വർധിക്കുന്നതിനിടെ എസ്ഐആർ നടപടികൾ നടപ്പാക്കുന്നതിനെതിരെ രൂക്ഷമായ വിമർശനം. നടപടികൾ ഉടൻ നിർത്തിവെക്കണമെന്ന് ഭരണപക്ഷവും പ്രതിപക്ഷവും ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ ധൃതി കാണിക്കുന്നതിന് പിന്നിൽ ദുരുദ്ദേശ്യമുണ്ടെന്നാണ് പ്രധാന ആരോപണം. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ വിഷയത്തിൽ അടിയന്തരമായി സുപ്രീം കോടതിയെ സമീപിച്ചത്.
അമിത ജോലിഭാരം; ബിഎൽഒ ജീവനൊടുക്കി
എസ്ഐആർ നടപടികളുടെ ഭാഗമായുള്ള അമിത ജോലിഭാരം മൂലം കണ്ണൂരിലെ ബിഎൽഒ (ബൂത്ത് ലെവൽ ഓഫീസർ) അനീഷ് ജോർജ് ജീവനൊടുക്കിയത് വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച സർക്കുലറിൽ എന്യൂമറേഷൻ ജോലികൾ പൂർത്തിയാക്കാൻ ഒരു മാസം സമയം അനുവദിച്ചിരിക്കെ, ജില്ലാ കലക്ടർമാരും മറ്റ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും രണ്ട് ദിവസത്തിനകം ജോലി പൂർത്തിയാക്കാൻ ബിഎൽഒമാർക്ക് അന്ത്യശാസനം നൽകിയിരിക്കുകയാണ്.
നൂറുകണക്കിന് വീടുകൾ സന്ദർശിച്ച് ആയിരക്കണക്കിന് വോട്ടർമാരുടെ എന്യൂമറേഷൻ ഫോമുകൾ പൂരിപ്പിച്ച ശേഷം അവ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുന്ന അതിസങ്കീർണ്ണമായ ജോലികൾക്ക് ബിഎൽഒമാർക്ക് മതിയായ സമയം ലഭിക്കേണ്ടതുണ്ട്. ഇതിനിടയിലാണ് തദ്ദേശ തെരഞ്ഞെടുപ്പ് ചുമതലകളും അവർക്ക് നിർവഹിക്കേണ്ടി വരുന്നത് എന്ന ആശങ്കയാണ് രാഷ്ട്രീയ പാർട്ടികൾ പങ്കുവെക്കുന്നത്.
നീട്ടിവെക്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
നവംബർ നാല് മുതലാണ് സംസ്ഥാനത്ത് എസ്ഐആർ നടപടികൾ ആരംഭിച്ചത്. ഡിസംബർ നാലിനുള്ളിൽ എന്യൂമറേഷൻ വിതരണം പൂർത്തിയാക്കുമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ രാഷ്ട്രീയ പാർട്ടികളുടെ കടുത്ത എതിർപ്പിനിടയിലും എസ്ഐആർ നടപടികൾ നീട്ടിവെക്കാൻ കഴിയില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിലപാട് ആവർത്തിച്ച് വ്യക്തമാക്കിയതോടെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.
