ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തിൽ ഇന്ത്യ 30 റൺസിന്റെ തോൽവി ഏറ്റുവാങ്ങിയത് ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചിരുന്നു. ആതിഥേയർ ഉയർത്തിയ 124 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ നിര 93 റൺസിന് കൂടാരം കയറുകയായിരുന്നു.
ഈ ചരിത്ര വിജയത്തിൽ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബാവുമയുടെ പ്രകടനം നിർണായകമായി. ബാറ്റിങ് ദുഷ്കരമായ പിച്ചിൽ 136 പന്തുകൾ നേരിട്ട് നാല് ഫോറുകളടക്കം 55 റൺസാണ് അദ്ദേഹം നേടിയത്. ഈ ക്യാപ്റ്റന്റെ ഇന്നിങ്സാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത്.
മത്സരത്തിനിടെ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ നടത്തിയ ‘ബൗന’ (ഉയരമില്ലാത്തവൻ) പരാമർശം വലിയ വിവാദമായിരുന്നു. സ്റ്റമ്പ് മൈക്കിലൂടെ പുറത്തുവന്ന സംഭാഷണത്തിൽ, റിവ്യൂ ആവശ്യപ്പെടുന്നതുമായി ബന്ധപ്പെട്ട് ബുംറ ബാവുമയെ ഹിന്ദിയിൽ കളിയാക്കുന്നതായി കേൾക്കാമായിരുന്നു. എന്നാൽ, റിഷഭ് പന്തിന്റെ മറുപടിക്ക് ശേഷം ബുംറ റിവ്യൂ എടുക്കാതെ ബൗളിങ് എൻഡിലേക്ക് മടങ്ങുകയും ചെയ്തു.
സൗഹൃദം ഊട്ടിയുറപ്പിച്ച് ബുംറ
ഈ വിവാദങ്ങൾക്ക് പിന്നാലെയാണ് മത്സരശേഷം ബാവുമയുടെ അരികിലെത്തി ബുംറ പ്രോട്ടീസ് നായകനെ അഭിനന്ദിച്ചത്. ബുംറയും ബാവുമയും ഏറെനേരം സംസാരിക്കുന്നതും, ബുംറ സ്നേഹത്തോടെ അദ്ദേഹത്തിന്റെ തോളിൽ തട്ടുന്നതും കൈകൊടുത്ത് പിരിയുന്നതുമായ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. കളിക്കളത്തിലെ വാഗ്വാദങ്ങൾ അവിടെ അവസാനിപ്പിച്ച്, ഇന്ത്യൻ പേസർ ബുംറ പ്രകടിപ്പിച്ച ഈ സ്പോർട്സ്മാൻ സ്പിരിറ്റ് ക്രിക്കറ്റ് ലോകം ഏറ്റെടുത്തിരിക്കുകയാണ്.
