മലയാളി താരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിട്ട് ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് മാറിയതിന് പിന്നാലെ നിർണ്ണായക വെളിപ്പെടുത്തലുമായി രാജസ്ഥാൻ റോയൽസ് ഉടമ മനോജ് ബദാലെ രംഗത്ത്. കഴിഞ്ഞ ഐപിഎൽ സീസണിൻ്റെ അവസാനത്തിൽ തന്നെ സഞ്ജു ഫ്രാഞ്ചൈസി വിടാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്ന് ബദാലെ അറിയിച്ചു.
“കഴിഞ്ഞ വർഷമാണ് ടീം വിടുന്നതിനെക്കുറിച്ച് സഞ്ജു ആദ്യമായി സംസാരിച്ചത്. കഴിഞ്ഞ സീസണിൻ്റെ അവസാനത്തിൽ കൊൽക്കത്തയിൽ വെച്ചായിരുന്നു അത്. വളരെ സത്യസന്ധനായ സഞ്ജു വ്യക്തിപരമായും വൈകാരികമായും തളർന്നിരുന്നു,” മനോജ് ബദാലെ പറഞ്ഞു. കഴിഞ്ഞ സീസൺ രാജസ്ഥാൻ റോയൽസിൻ്റെ 18 വർഷത്തെ ചരിത്രത്തിലെ ഏറ്റവും മോശമായ ഒന്നായിരുന്നുവെന്നും, അത് സഞ്ജുവിനെ ഏറെ ചിന്തിപ്പിച്ചിരിക്കാമെന്നും ബദാലെ കൂട്ടിച്ചേർത്തു.
ഫ്രാഞ്ചൈസിയുടെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് ഉടമയുടെ ഈ വൈകാരിക വെളിപ്പെടുത്തൽ. “സഞ്ജു അങ്ങനെയൊരു അഭ്യർത്ഥന നടത്തിയപ്പോൾ അത് ഞങ്ങൾക്ക് വളരെ വ്യത്യസ്തമായി തോന്നി. കാരണം അദ്ദേഹം വളരെ ആധികാരികനായ വ്യക്തിയാണ്. വെറുതെ അദ്ദേഹം ഒന്നും പറയാറില്ല,” ബദാലെ പറഞ്ഞു. കരിയറിലെ ഏറ്റവും മികച്ച 14 വർഷക്കാലം റോയൽസിന് നൽകിയ സഞ്ജു, തൻ്റെ ഐപിഎൽ യാത്രയ്ക്ക് ഒരു പുതിയ അധ്യായം ആവശ്യമുണ്ടെന്ന് കരുതിയിരിക്കാം.
ആരാധകർ ഗ്രൗണ്ടിൽ കാണുന്ന ബാറ്റിംഗിനും സിക്സറുകൾക്കും അപ്പുറം ഫ്രാഞ്ചൈസിക്ക് സഞ്ജു നൽകിയ സംഭാവനകൾ വളരെ വലുതാണെന്നും, അദ്ദേഹം ടീമിന് വേണ്ടി അസാധാരണമായ സേവനം അനുഷ്ഠിച്ച വ്യക്തിയാണെന്നും മനോജ് ബദാലെ കൂട്ടിച്ചേർത്തു.
