കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി എൻ വി ബാബുരാജ് കോൺഗ്രസ് പാർട്ടിയിൽ നിന്നും രാജിവെച്ചു. കോർപ്പറേഷൻ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ ഗുരുതരമായ വീഴ്ച്ചകൾ സംഭവിച്ചു എന്ന് ആരോപിച്ചാണ് അദ്ദേഹത്തിന്റെ രാജി.
എരഞ്ഞിപ്പാലം വാർഡിലെ സ്ഥാനാർത്ഥി നിർണയത്തിൽ കെപിസിസി മാർഗ്ഗരേഖ അട്ടിമറിക്കപ്പെട്ടു എന്ന് എൻ വി ബാബുരാജ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. വാർഡ് കമ്മിറ്റി നൽകിയ പേരുകൾ പരിഗണിക്കാതെ, വാർഡുമായി യാതൊരു ബന്ധവുമില്ലാത്ത മുൻ ബ്ലോക്ക് സെക്രട്ടറിയെ സ്ഥാനാർത്ഥിയാക്കുകയായിരുന്നു. പരാജയം ഭയന്നാണ് കെപിസിസി ജനറൽ സെക്രട്ടറി ഈ വാർഡ് ഉപേക്ഷിച്ച് മറ്റൊരു വാർഡിലേക്ക് പോയതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നേതൃത്വത്തിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളാണ് ബാബുരാജ് ഉന്നയിച്ചത്. ഗ്രൂപ്പില്ലാത്തവർക്കും ‘പെട്ടി തൂക്കി നടക്കാത്തവർക്കും’ കോൺഗ്രസിൽ യാതൊരു പരിഗണനയുമില്ലെന്നും, അഴിമതിയുടെ കാര്യത്തിൽ കോഴിക്കോട് സിപിഎം – കോൺഗ്രസ് നെക്സസ് നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ വിഷയങ്ങളിൽ പ്രതികരിക്കാൻ പോലും കോൺഗ്രസിൽ ആളില്ലാതായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ മറ്റൊരു പാർട്ടിയിലേക്കും തത്കാലം പോകുന്നില്ലെന്നും ബാബുരാജ് വ്യക്തമാക്കി.
