വിവാഹ വാഗ്ദാനം നൽകി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തുവെന്ന പരാതിയുമായി വനിതാ ക്രിക്കറ്റ് താരം രംഗത്ത്. ഡൽഹി ക്യാപ്പിറ്റൽസ് താരമായ വിപ്രജ് നിഗത്തിനെതിരെയാണ് യുവതി പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
ഓൺലൈൻ വഴിയാണ് വിപ്രജിനെ പരിചയപ്പെട്ടതെന്നും, സൗഹൃദം പിന്നീട് പ്രണയമായി മാറുകയും വിവാഹം കഴിക്കാമെന്ന് താരം ഉറപ്പ് നൽകുകയും ചെയ്തതായി വനിതാ താരം പറയുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ വിപ്രജ് വിളിച്ചതനുസരിച്ച് നോയിഡയിലെ ഹോട്ടലിൽ വെച്ച് ഇരുവരും കണ്ടുമുട്ടി. അവിടെ വെച്ച് വിപ്രജ് ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
പിന്നീട് വിവാഹക്കാര്യം സംസാരിച്ചപ്പോൾ വിപ്രജിൻ്റെ സ്വരം മാറിയെന്നും, വിവാഹം നടക്കില്ലെന്ന് പറഞ്ഞതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിൽ തന്നെ ഹോട്ടൽ മുറിയിൽ നിന്ന് പുറത്തേക്ക് വലിച്ചിട്ടുവെന്നും യുവതി പറയുന്നു. ഇരുവരും തമ്മിൽ നടന്ന ഫോൺ സംഭാഷണങ്ങളുടെ വിശദാംശങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ യുവതി പോലീസിന് കൈമാറിയിട്ടുണ്ട്.
താരത്തിൻ്റെ പ്രതികരണം
എന്നാൽ യുവതിയുടെ പരാതിക്ക് പിന്നാലെ വിപ്രജ് നിഗവും പോലീസിനെ സമീപിച്ചു. യുവതി തന്നെ പിന്തുടർന്ന് നിരന്തരം ശല്യപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് താരത്തിൻ്റെ പരാതി. തൻ്റെ പ്രശസ്തിക്ക് കോട്ടം വരുത്തുന്ന തരത്തിലുള്ള ഒരു വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും, ഇത് തൻ്റെ കരിയറിനെയും മാനസികാരോഗ്യത്തെയും സാരമായി ബാധിച്ചെന്നും വിപ്രജ് ആരോപിക്കുന്നു.
നിലവിൽ ഇരുവരുടെയും പരാതികളിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപ്പിറ്റൽസിനായി മികച്ച പ്രകടനം പുറത്തെടുത്ത വിപ്രജ്, അടുത്തിടെ ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ അനൗദ്യോഗിക ഏകദിന പരമ്പരയിൽ ഇന്ത്യ എ ടീമിനായും കളിച്ചിട്ടുണ്ട്.
